അടിയോടടി, മേയറും കൗൺസിലർമാരും ആശുപത്രിയിൽ: സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്നും ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും എൽ.ഡി.എഫ് ഉപരോധം, സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചും കൗൺസിലറായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും തിരുവനന്തപുരം മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ ഓഫിസ് ഉപരോധിച്ചതോടെ നഗരസഭ യുദ്ധക്കളമായി. മേയർ ഓഫിസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളലുമുണ്ടായി. മേയറുടെ വരവോടെ നഗരസഭക്കുള്ളിലും പുറത്തും ഉന്തും തള്ളും സംഘർഷമായി മാറുകയായിരുന്നു.

മേയറുടെ ചേംബറിന് മുന്നിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. എൽ.ഡി.എഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫിസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ സമ്മതിച്ചില്ല. ഇതോടെയാണ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ സംഘർഷമാവുകയായിരുന്നു. സ്ഥിതിഗതി ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും പ്രവർത്തകർ തിരിഞ്ഞു.

സംഘർഷത്തിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രണ്ട് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശി, ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധു ശശിക്ക് തലയിൽ നാല് സ്റ്റിച്ചിട്ടുണ്ട്. പരിക്കേറ്റ മേയറെയും മറ്റു കൗൺസിലർമാരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭ പരിസരത്ത് ഇപ്പോഴും കനത്ത പൊലീസ് കാവൽ തുടരുകയാണ്.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്. കാപ്പാ കേസ് പ്രതി ആർ. സുഗതൻ ഒഴികെ 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാക്കുന്നുണ്ട്. മേയറുടെ ഓഫിസിൽനിന്ന് സത്യപ്രതിജ്ഞ നടക്കുന്നത് സംബന്ധിച്ച വിവരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽ.ഡി.എഫ് പരാതി നൽകി. സത്യപ്രതിജ്ഞ അംഗീകരിക്കില്ലെന്നും സി.പി.എം പ്രതികരിച്ചു.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ഹൈകോടതി കഴിഞ്ഞദിവസം അസാധുവാക്കിയിരുന്നു. പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭസ്വാമി ശ്രീനാരായണ ഗുരു അടക്കമുള്ള പേരുകളിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത്. ഇത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് 20 പേരെ അയോഗ്യരാക്കിയത്.

നാല് ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ പേരിൽ വടക്കഞ്ചേരി പഞ്ചായത്ത് അംഗം ചെയ്ത സത്യപ്രതിജ്ഞയും അസാധുവാക്കിയിരുന്നു.

Tags:    
News Summary - Beating, mayor and councilors in hospital: R. said that the oath rule was violated. LDF blockade demanding Sugathan's resignation, situation of tension in the place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.