കൽപറ്റ (വയനാട്): പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബിരുദ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ റാഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ വകുപ്പുതല നടപടികൾ ഡീനിനും അസി. വാർഡനുമെതിരെ മാത്രമാക്കി മറ്റുള്ളവരെ സംരക്ഷിക്കാൻ നീക്കമെന്ന് ആരോപണം.
അന്നത്തെ ഡീൻ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരെ നടപടി സ്വീകരിച്ച് മറ്റുള്ളവരെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഇരുവർക്കുമെതിരെയുള്ള നടപടിക്ക് ബോർഡ് ഓഫ് മാനേജ്മന്റെ് അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
ഡോ. എം.കെ. നാരായണനെ ഡീൻ സ്ഥാനത്തുനിന്ന് മാറ്റി പ്രഫസറായി തരം താഴ്ത്താനും അസി. വാർഡൻ ഡോ. കാന്തനാഥന് സ്ഥലംമാറ്റവും രണ്ടുവർഷം പ്രമോഷൻ തടയലിനുമാണ് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്നാണ് വിവരം.
ഡോ. എം.കെ. നാരായണനെയും പൂക്കോടുനിന്ന് സ്ഥലംമാറ്റും. ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ച് വിവരം അറിയിക്കണമെന്ന് ഹൈകോടതി മൂന്നുമാസം മുമ്പ് നിർദേശം നൽകിയിരുന്നു. അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടി.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിനിടെയുണ്ടായ ക്രൂരപീഡനത്തെ തുടർന്നാണ് രണ്ടാംവർഷ ബി.വി.എസ്സി വിദ്യാർഥിയായ സിദ്ധാർഥൻ മരിച്ചത്. ലെതര്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ തുടങ്ങിയവ ഉപയോഗിച്ച് സിദ്ധാര്‍ഥനെ ഭീകരമായി മര്‍ദിച്ചെന്നും വൈദ്യസഹായം നൽകിയില്ലെന്നും സി.ബി.ഐ ഹൈകോടതിയില്‍ നൽകിയ പ്രാഥമിക കുറ്റപത്രത്തിലുണ്ട്.
എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് മകനെ മർദിച്ചതെന്നും പ്രതികളെ രക്ഷിക്കാൻ തുടക്കംമുതലേ ശ്രമങ്ങളുണ്ടായെന്നും മാതാപിതാക്കൾ പലതവണ ആവർത്തിച്ചിരുന്നു. എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 19 പ്രതികളാണുള്ളത്. യൂനിയന്‍ പ്രസിഡന്റ് കെ. അരുണ്‍, സെക്രട്ടറി അമല്‍ ഇഹ്സാന്‍, എന്‍. ആസിഫ് ഖാന്, കെ. അഖില്‍, സിന്‍ജോ ജോണ്സണ്, ആര്.എസ്. കാശിനാഥന് തുടങ്ങിയവരാണ് പ്രതികൾ. എസ്.എഫ്.ഐ നേതാവായ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ ഒപ്പം പോയത് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.കെ. ശശീന്ദ്രനായിരുന്നു.
യൂനിവേഴ്സിറ്റി ഡീൻ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കാൻ മാനേജ്മെന്റ് കൗൺസിൽ തീരുമാനിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരിച്ചെടുക്കരുതെന്ന ആവശ്യങ്ങൾക്കിടയിലും ഭരണാനുകൂല എം.എൽ.എയടക്കം 12 പേരുടെ പിന്തുണയോടെയായിരുന്നു സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനമെടുത്തത്. ആൻറി റാഗിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്ന് വർഷത്തേക്ക് കോളജിൽനിന്ന് പുറത്താക്കപ്പെട്ട പ്രതികളായ വിദ്യാർഥികൾക്ക് ഇതിനിടയിൽ പരീക്ഷയെഴുതാൻ വെറ്ററിനറി സർവകലാശാല അവസരമൊരുക്കി. ഹൈകോടതി സിംഗിൾ ബെഞ്ച് വിധിയെതുടർന്നായിരുന്നു 75 ശതമാനം ഹാജരില്ലാതിരുന്നിട്ടും പ്രതികൾ മണ്ണുത്തി സർവകലാശാല കാമ്പസിൽ രണ്ടാം വർഷ പരീക്ഷയെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.