പത്തനംതിട്ട: ശബരിമലയിൽ ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിന് കീഴിൽ വരുന്ന ചാലിയേക്കര ഭദ്രകാളി ക്ഷേത്രം മുൻ ശാന്തിയായ സുനിൽകുമാറിനെ 2025 മണ്ഡല- മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനക്കായി നിയോഗിച്ചിരുന്നു. നെയ്യ് വിറ്റ മുഴുവൻ തുകയും ബോർഡിൽ അടക്കാതെ സ്റ്റോക്കിൽ ക്രമക്കേട് നടത്തി ദേവസ്വം ബോർഡിന് 36.24 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതാണ് കേസ്.
ദേവസ്വം വിജിലൻസിന്റെ പ്രഥമിക പരിശോധനയിൽ 16,628 പാക്കറ്റ് നെയ്യിന്റെ പണം അക്കൗണ്ടിലെത്തിയില്ലെന്ന് കണ്ടെത്തി. പാലക്കാട് നിന്നുള്ള കരാറുകാരനാണ് നെയ്യ് പാക്കറ്റിലാക്കി കൗണ്ടറിൽ നൽകുന്നത്. 100 മില്ലി നെയ്യ് 100 രൂപക്കാണ് വിൽപ്പന . 2025 നവംബർ 17 മുതൽ ഡിസംബർ 26 വരെ 3.52 ലക്ഷം പാക്കറ്റ് നെയ്യ് നൽകി. ഇതിൽ 13,679 പാക്കറ്റ് രേഖകളിൽ ഇല്ല. 13.67 ലക്ഷം രൂപയാണ് ഈ ഇനത്തിൽ അക്കൗണ്ടിൽ എത്താതിരുന്നത്. രണ്ട് മാസത്തിനിടെയാണ് 36 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നത്.
കേസിലെ ആദ്യ അറസ്റ്റാണ് നടന്നത്. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം 33 പേരാണ് കേസിലുള്ളത്. അറസ്റ്റിലായ സുനിൽകുമാർ പോറ്റിയെ ബുധനാഴ്ച വൈകുന്നേരം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.