സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
കുണിയ (കാസര്‍കോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് പതാകകളുയര്‍ന്നു. കുണിയയിലെ പൊതുസമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാകയുയര്‍ത്തി. കോഴിക്കോട് വരക്കല്‍ മഖാമില്നിന്നെത്തിച്ച പതാകയാണ് ജിഫ്രി തങ്ങള്‍ ഉയര്‍ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷകസംഘടന നേതാക്കളും ചേര്‍ന്നാണ് 99 പതാകകള്‍ ഉയര്‍ത്തിയത്.
ബുധനാഴ്ച ഉച്ചക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍നിന്ന് ഘോഷയാത്രയായി പുറപ്പെട്ട പതാകവാഹക യാത്ര പെരിയാട്ടുടക്കത്തില്നിന്ന് സമ്മേളനനഗരിയിലേക്ക് വിഖായ വളന്റിയര്‍ റൂട്ട് മാര്‍ച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചത്.
സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ അലി തങ്ങള്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
എട്ടിന് വൈകീട്ട് നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍അസ്ഹര്‍ സർവകലാശാല റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിക്ക് സമ്മാനിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് എന്‍.എ. ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഇബ്രാഹീം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാരസമര്‍പ്പണം നടത്തും.
ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്മാര്, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.