കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ മാറ്റിയേക്കും. നിലവിൽ എൻ.ഡി. അപ്പച്ചൻ അടക്കമുള്ളവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തുതന്നെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് അറിയുന്നത്. അറസ്റ്റ് ചെയ്താലും കോടതി ഉത്തരവുള്ളതിനാൽ നേതാക്കൾക്ക് ജാമ്യം ലഭിക്കുമെങ്കിലും, കോൺഗ്രസിന്റെ ജില്ലാ നേതൃപദവിയിൽ ഇരിക്കുന്നയാൾ പാർട്ടി നേതാവ് ആത്മഹത്യ ചെയ്ത കേസിൽ ഉൾപ്പെട്ടത് പാർട്ടിക്ക് വലിയ ദോഷം ഉണ്ടാക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെയടക്കം വിലയിരുത്തൽ.
ഡി.സി.സി ട്രഷററുടെ ആത്മഹത്യ കുറിപ്പിൽ എം.എൽ.എയും ഡി.സി.സി പ്രസിഡന്റും ഉൾപ്പെടെ പ്രധാന കോൺഗ്രസ് നേതാക്കളുടെ പേരുകളാണുള്ളത്. ഇത് പാർട്ടിക്ക് സംസ്ഥാനത്തു തന്നെ വലിയ ക്ഷീണം ഉണ്ടാക്കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുതിർന്ന കോൺഗ്രസ് നേതാക്കൾ സാമ്പത്തിക ആരോപണത്തിൽ പ്രതിക്കൂട്ടിലായതോടെ വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനംപോലും മാറ്റിവെക്കേണ്ടിവന്നതായാണ് വിവരം. ജില്ലയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനിടയിലും അണികൾക്കിടയിലും ജില്ല കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ വികാരം ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം ഡി.സി.സി പ്രിസിഡന്റിനെ മാറ്റാനാണ് ആലോചന. അടുത്ത ഡി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും കെ.പി.സി.സി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ തന്നെ ചുമതല ഏൽപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വർഷങ്ങളായി ജില്ലയുടെ നേതൃപദവയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരാണ് പ്രസിഡന്റായത്. അതേസമയം, യുവ നിരയിലുള്ള ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനം ഏൽപിക്കുന്നത് നിലവിലെ നാണക്കേടിൽ നിന്ന് പാർട്ടിയെ പരിധിവരെയെങ്കിലും രക്ഷപ്പെടുത്താൻ സഹായകമാകുമെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കെ.ഇ. വിനയൻ, അഡ്വ. പി.ഡി. സജി തുടങ്ങിയവരിൽ ആർക്കെങ്കിലും നറുക്കു വീഴാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ബുധനാഴ്ച ജില്ലയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.