ഫലമറിയാൻ ഇത്ര ദീർഘമായ കാത്തിരിപ്പ് തെരഞ്ഞെടുപ്പിലല്ലാതെ മറ്റൊരു മത്സരത്തിലുമില്ല. വോട്ടെടുപ്പിനു മുമ്പുതന്നെ പ്രവചനരൂപത്തിൽ ഫലപ്രഖ്യാപനം നടത്തിത്തുടങ്ങിയ പത്രങ്ങളും ചാനലുകളും ഇനിയൊരു നിമിഷം കാക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ്. തെരഞ്ഞെടുപ്പിന്റെ രീതിശാസ്ത്രം അറിയാവുന്നവർ വോട്ടെടുപ്പിന്റെ ആരംഭംമുതലേ ശ്രദ്ധിക്കുന്ന വിവരമാണ് പോളിങ് ശതമാനം. അതിന്റെ അടിസ്ഥാനത്തിൽ ഒട്ടും ശാസ്ത്രീയമല്ലാത്ത ചില നിഗമനങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കും.
കണക്കിലെ കളിയിൽ വ്യാപരിക്കുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്സ് യഥാസമയം പ്രസിദ്ധപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷനു കഴിയുന്നില്ല എന്നത് അത്ര ലാഘവത്തോടെ കാണേണ്ട കാര്യമല്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ 78.27 ശതമാനം, അഞ്ചാം ദിവസം പ്രതിഷേധം ശക്തമായപ്പോൾ 79.63 ശതമാനം. കൃത്യമാകണമെങ്കിൽ എണ്ണിക്കഴിയണം. ഇതിനാണ് കൊട്ടക്കണക്കെന്ന് പറയുന്നത്. ഡിജിറ്റലും കഴിഞ്ഞ് എ.ഐയിലെത്തി നിൽക്കുന്ന കാലത്ത് വൃത്തിയിൽ ഒന്ന് കണക്കു കൂട്ടാൻപോലും കമീഷനു കഴിയുന്നില്ലെന്നു വരുന്നത് കഷ്ടമാണ്. ആകെ പോൾ ചെയ്ത വോട്ടെത്രയെന്ന് എണ്ണുമ്പോളറിയാം എന്ന് കമീഷൻ പറയുന്നതിൽ ദുരൂഹതയുണ്ട്.
അപഗ്രഥനത്തിന്റെ മാത്രമല്ല അനുമാനത്തിന്റെയും കാലമാണ് വോട്ടിടുന്നതിനും എണ്ണുന്നതിനും മധ്യേയുള്ള ഇടവേള. സ്വന്തം സംവിധാനത്തിൽ കാര്യങ്ങൾ അറിയുന്ന പാർട്ടികൾ ഏറക്കുറെ യാഥാർഥ്യബോധത്തിലേക്ക് അടുക്കുന്നുണ്ട്. മിക്കവാറും തെറ്റുമെന്ന് ഉറപ്പുള്ള പൊലീസ് റിപ്പോർട്ടിനെയാണ് മുഖ്യമന്ത്രി ആശ്രയിക്കുന്നത്. അതുകൊണ്ട് നൂറില്ലെങ്കിൽ വനവാസത്തിനു പോകുമെന്നുപറഞ്ഞ പ്രതിപക്ഷനേതാവും നൂറിന്റെ മേനിയിൽ തുടർഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രിയും ഇപ്പോൾ ഒന്ന് തണുത്തിട്ടുണ്ട്. തുടർഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് പോളിങ്ങിനു മുമ്പേ ഞാൻ വ്യക്തമാക്കിയതാണ്. പക്ഷേ, എന്റെ വോട്ട് പിണറായി വിജയനു തന്നെ നൽകി. നൂറിന്റെ മേനി പറഞ്ഞവർ തൂക്കുമന്ത്രിസഭയെക്കുറിച്ചുവരെ ആശങ്കാകുലരായി. 72 എന്ന മാജിക് നമ്പറാണ് തൂക്കൊഴിവാക്കുന്നതിനുള്ള സംഖ്യ. എത്ര കുറഞ്ഞാലും 75 എന്ന ഉറപ്പാണ് ഇപ്പോൾ സി.പി.എമ്മിനുള്ളത്.
നന്നായി പ്രവർത്തിച്ചവരെ വനവാസത്തിനയച്ചില്ലെങ്കിലും വിശ്രമത്തിനയക്കുന്നത് ജനാധിപത്യത്തിൽ കണ്ടുവരുന്ന പ്രവണതയാണ്. ഹംഗറിയിൽ വിക്ടർ ഓർബൻ 16 വർഷത്തെ ഭരണത്തിനുശേഷം പുറത്തായി. ഓർബനെപ്പോലെ തീവ്ര ദേശീയവാദിയായ നരേന്ദ്ര മോദിക്കും പതിനഞ്ചാം വർഷം ജനം വിശ്രമം വിധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. യു.എസിൽ പ്രസിഡൻറിന്റെ കാലാവധി രണ്ടു ടേം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അപ്രകാരം പരിധി ഇല്ലായിരുന്നുവെങ്കിൽ ഡോണൾഡ് ട്രംപിനെ നമ്മൾ എത്രകാലം സഹിക്കേണ്ടിവരുമായിരുന്നു. ഹിറ്റ്ലറെ പരാജയപ്പെടുത്തി ബ്രിട്ടന്റെ നിലനിൽപ് ഭദ്രമാക്കിയ വിൻസ്റ്റൻ ചർച്ചിലിനെ യുദ്ധാനന്തരം ബ്രിട്ടീഷ് ജനത വിശ്രമത്തിനു വിട്ടു. അഞ്ചുവർഷം കഴിഞ്ഞ് അവർ ചർച്ചിലിനെ തിരികെക്കൊണ്ടുവന്നു.
ഏപ്രിൽ ഒമ്പതിന്റെ വോട്ട്, വികസനത്തിനു വേണ്ടിയായിരുന്നു എന്ന വായ്ത്താരി സമൃദ്ധമായി കേട്ടു. കിലോമീറ്റർ കണക്കിൽ അളക്കുന്നതും ഇടിഞ്ഞുതാഴുന്നതുമായ റോഡല്ല വികസനത്തിന്റെ സൂചന. ജനങ്ങളുടെ സന്തുഷ്ടിയാണ് പ്രധാനപ്പെട്ട കാര്യം. അഞ്ചരക്കണ്ടിയിലെ ഡെൻറൽ കോളജിൽ അധ്യാപകരുടെ ജാതീയമായ അധിക്ഷേപവും അപമാനകരമായ അതിക്രമങ്ങളും സഹിച്ച് ഒരു ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്തപ്പോൾ നമ്മുടെ ജനാധിപത്യം സംശയാസ്പദമായി. പിണറായി വിജയൻ പൂരിപ്പിക്കാത്ത ഡാഷിലൂടെ കേരളത്തിനു പരിചിതനായ മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. അദ്ദേഹത്തിന്റെ നാട്ടുകാരനാണ് അഞ്ചരക്കണ്ടിയിലെ കിരാതപർവത്തിലെ നായകനായ ഡോ. എം.കെ. റാം. ജന്മംതന്നെ ശാപമായി മാറിയ രോഹിത് വെമുലയുടെ പിൻഗാമിയായി നിതിൻ രാജ് നമ്മുടെ ഇടയിൽ ഉണ്ടായപ്പോൾ കേരളത്തെക്കുറിച്ചുള്ള പി.ആർ വിശേഷണങ്ങൾക്ക് അർഥമില്ലാതാകുന്നു. വ്യക്തിയുടെ അന്തസ്സിനെ അടിസ്ഥാനമാക്കി വികസനത്തിന്റെ മാർഗരേഖയും രൂപരേഖയും ചമയ്ക്കുന്ന പുതിയ ഭരണത്തിനായി കാത്തിരിക്കുന്നു. കാത്തിരിപ്പ് അതിനു വേണ്ടിയാണെങ്കിൽ അതിനൊരു സുഖമുണ്ട്.
മുൻ എം.പി, രാഷ്ട്രീയ നിരീക്ഷൻ, എഴുത്തുകാരൻ, അഭിഭാഷകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.