തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിദേശ കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നടപടിയിൽ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ നീക്കം. എല്ലാം മാനദണ്ഡപ്രകാരമാണ് പോകുന്നതെന്നും സർക്കാറിന്റെ അനുമതിക്കുശേഷമേ അന്തിമ കരാറിലേക്ക് നീങ്ങൂവെന്നുമാണ് വിഴിഞ്ഞം തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചത്. വിവാദം സർക്കാറിനെതിരായ രാഷ്ട്രീയായുധമാക്കി എൽ.ഡി.എഫ് മുന്നോട്ടുപോകുമ്പോൾ സർക്കാർ അറിയാതെ ഇത്തരത്തിലൊരു ഇടപാട് നടക്കില്ലെന്ന ആരോപണവുമായി ബിജെ.പിയും രംഗത്തെത്തി. വിഴിഞ്ഞത്തെ വിദേശനിക്ഷേപം സംബന്ധിച്ച് കോൺഗ്രസിനുള്ളിലും തർക്കം മുറുകുന്നെന്ന സൂചന പുറത്തുവരുന്നു.
അതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി യൂറോപ്യൻ കമ്പനിയായ എം.എസ്.സിക്ക് (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാറുമായുള്ള കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2015ലെ കരാർപ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാമെങ്കിലും അതിന് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. എന്നാൽ എം.എസ്.സിയുമായുള്ള ഓഹരിപങ്കാളിത്തത്തിന് അനുമതി തേടി ബുധനാഴ്ചയാണ് അദാനി ഗ്രൂപ്പ് സംസ്ഥാന തുറമുഖവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. തുറമുഖ നടത്തിപ്പിന് എം.എസ്.സിയുടെ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡുമായി ജൂൺ 29ന് കരാറുണ്ടാക്കിയെന്നും അതിന് അനുമതി നൽകണമെന്നുമാണ് ജൂലൈ ഒന്നിനുനൽകിയ കത്തിലെ ആവശ്യം. തുടർന്നാണ് സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങാതെയുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗൗതം അദാനിയെ അതൃപ്തി അറിയിച്ചത്.
ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രത്തിന്റെ നിലപാടും ഇതിൽ പ്രധാനമാണ്. പൊതുതാൽപര്യം സംരക്ഷിച്ചുമാത്രമേ അദാനി പോർട്സിന്റെ ഓഹരി കൈമാറ്റം ചെയ്യാവൂവെന്നതാണ് കരാർവ്യവസ്ഥ. വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിക്ക് നടത്തിപ്പവകാശമുള്ള പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (പൊതു അടിസ്ഥാന സൗകര്യമേഖല) ആണ്. ആ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് അവസരസമത്വം ഉറപ്പാക്കേണ്ടതുണ്ട്. വിഴിഞ്ഞത്തിന്റെ ഓഹരി എം.എസ്.സി കൈവശമാക്കിയാൽ തുറമുഖം കുത്തകവത്കരിക്കപ്പെടുമോയെന്ന് ആശങ്ക ഉയരുന്നതും ഇതിനാലാണ്. ഓഹരി കൈമാറ്റത്തിൽ തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ റിപ്പോർട്ടും പരിഗണിക്കും. നിശ്ചിതസമയത്തിനകം അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ വിശദ പരിശോധന നടത്തിയ ശേഷമാകും സർക്കാർ ഈ വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.
സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ല -ശശി തരൂർ
തിരുവനന്തപുരം: സർക്കാർ അനുമതി ഇല്ലാതെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം നടക്കില്ലെന്നാണ് തന്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തന്റെ നിലപാടെന്നും ശശി തരൂർ എം.പി. തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരണം. ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായതിനാൽ ടെൻഡർ നമ്മൾ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. സർക്കാറിന്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനം എടുക്കാൻ പാടില്ല. ആരും അദാനിയെ എതിർക്കുന്നില്ല. തുറമുഖത്തിന്റെ വളർച്ച ആവശ്യമാണെന്നും എന്നാൽ, നിയമങ്ങൾ പാലിച്ചു വേണമെന്നും പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്നും തരൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.