കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് കോടികൾ; പട്ടികയിൽ വ്യവസായ ഭീമന്മാരും സർക്കാർ സ്ഥാപനങ്ങളും
തിരുവനന്തപുരം: വൈദ്യുതി ബോർഡിന് ഉപഭോക്താകളിൽനിന്ന് പിരിഞ്ഞുകിട്ടാനുള്ള ആകെ തുക 1342.88 കോടിയായി വർധിച്ചുവെന്ന് റിപ്പോർട്ട്. 2026 മാർച്ച് 31 വരെയുള്ള കണക്കുകളിലാണ് ഇത്രയും തുക കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ളത്. കാസർകോട് സ്വദേശിയായ എ.എസ്. മുഹമ്മദ് അഷറഫിന് കെ.എസ്.ഇ.ബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഉപഭോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.
കോടതി വ്യവഹാരത്തിലുള്ള കുടിശ്ശികയുടെയും കേബിൾ ടി.വി ഉടമകളുടെ വൈദ്യുത പോസ്റ്റ് കുടിശ്ശികയുടെയും വിശദാംശങ്ങൾ അരിയർ ക്ലിയറൻസ് സെൽ ഓഫിസിൽ ലഭ്യമാക്കിയിട്ടില്ലെന്നും, ബന്ധപ്പെട്ട സ്പെഷ്യൽ ഓഫിസർമാരുടെയും ഡിസ്ട്രിബ്യൂഷൻ സെക്ടർ ചീഫ് എൻജിനീയർമാരുടെയും ഓഫിസുകളിൽ നിന്നും നേരിട്ട് ശേഖരിക്കേണ്ടതാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി ബോർഡ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. സപ്ലൈകോഡ് 2014 റഗുലേഷൻ 138, 139 പ്രകാരം കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുകയും തുക അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഡിസ്മാന്റിൽ ചെയ്യുക, റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുക എന്നിവ നടപ്പിലാക്കുന്നുണ്ട്. എന്നാൽ ഇവയിൽ വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ, പൊലീസ്, സർക്കാർ ആശുപത്രികൾ, കൃഷിഭവൻ എന്നിവക്ക് ഇളവുകളുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക പൂർണ്ണമായി ഒഴിവാക്കുന്നതിന്‍റെ ഭാഗമായി, 2026 മാർച്ച് ഒന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ച് കറന്‍റ് ചാർജ് സർക്കാറിന് നൽകാനുള്ള ഡ്യൂട്ടിയുമായി തട്ടിക്കിഴിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
കുടിശ്ശികയുള്ള സർക്കാർ സ്ഥാപനങ്ങൾ
- കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ആകെ കുടിശ്ശിക. സർക്കാറിന്‍റെ വിവിധ ഉത്തരവുകൾക്ക് ശേഷം 38.99 കോടി.
- സംസ്ഥാന സർക്കാർ വകുപ്പുകൾ: 6.22 കോടി
- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (കേരള വാട്ടർ അതോറിറ്റി ഒഴികെ): 8.87 കോടി
- കേരള വാട്ടർ അതോറിറ്റി: 28.25 കോടി
- പൊതുസ്ഥാപനങ്ങൾ: 3.34 കോടി
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: 1.52 കോടി
- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ: 2.32 കോടി
- കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ: 36.47 കോടി
കൂടുതൽ കുടിശ്ശികയുള്ള 10 സ്ഥാപനങ്ങൾ
- സിലിക്കൽ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡ്- 67.51 കോടി
- ബിനാനി സിങ്ക് ലിമിറ്റഡ്- 44.50 കോടി
- ഹൈടെക് ഇലക്ട്രിക് ആന്റ് ഹൈഡ്രോ പവർ ലിമിറ്റഡ്- 37.30 കോടി
- ട്രാവൻകൂർ റയോൺസ് ലിമിറ്റഡ്- 27.97 കോടി
- ബന്നാരിയമ്മൻ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ്- 23.20 കോടി
- എസ്.വി.എ സ്റ്റീൽ റീറോളിങ് മിൽസ് ലിമിറ്റഡ്- 16.89 കോടി
- ശ്രീലക്ഷ്മി ഇലക്ട്രോ സ്മെൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്- 15.44 കോടി
- എക്സൽ ഗ്ലാസ് ഫാക്ടറി- 15.36 കോടി
- സുവീറ അലോയ്‌സ്- 15.20 കോടി
- എ.പി സ്റ്റീൽ റീറോളിങ് മിൽസ്- 15.15 കോടി
കാലാവധി അടിസ്ഥാനത്തിലുള്ള കുടിശ്ശിക
- 10 വർഷത്തിനുമേലുള്ള കുടിശ്ശിക: 414.35 കോടി
- 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക: 153.09 കോടി
- 2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശിക: 149.43 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.