കെ.എസ്.ആർ.ടി.സിയുടെ വർക്‌ഷോപ് വാൻ

പഴയവർ വിരമിക്കും പ്രിയദർശിനികൾ രക്ഷകരാകും; കെ.എസ്.ആർ.ടി.സി വർക്‌ഷോപ് വാനുകളിൽ തലമുറ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ വർക്‌‌ഷോപ്പുകളിൽ നിന്ന് 20 വർഷം പൂർത്തിയായ വർക്‌ഷോപ് വാനുകൾ പൊളിക്കാനായി മാറ്റുന്നു. പകരം കെ.എസ്.ആർ.ടി.സിയുടെ 35 പ്രിയദർശിനി ബസുകൾ വർക്‌ഷോപ് വാനുകളാക്കും. 20 വർഷം പൂർത്തിയായതിനെ തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലെയും വർക്‌ഷോപ് വാനുകൾ പൊളിക്കാനായി കഴിഞ്ഞദിവസം സെൻട്രൽ, റീജ്യനൽ വർക്‌ഷോപ്പുകളിലേക്ക് മാറ്റിയതിനെ തുടർന്നാണ് പുതിയ നടപടി. 15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്ര സർക്കാറിന്റെ വാഹനങ്ങളുടെ സ്ക്രാപ്പിങ് നയം.

എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവും കാരണം കെ.എസ്.ആർ.ടി.സിയുടെ കാലാവധി 20 വർഷമാക്കിയിരുന്നു. കഴിഞ്ഞദിവസം 20 വർഷം പൂർത്തിയാക്കിയ വാനുകൾക്ക് പകരമായി 16 വർഷം പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധനയ്ക്ക് ആറുമാസത്തിൽ കൂടുതൽ കാലാവധിയുള്ള പ്രിയദർശിനി ബസുകളാണ് തിരഞ്ഞെടുത്തത്. വാനുകളാക്കാൻ നിശ്ചയിച്ച ബസുകൾ സെൻട്രൽ, റീജ്യനൽ വർക്‌ഷോപ്പുകളിലേക്ക് അയച്ചു. ഇവയുടെ സീറ്റുകൾ ഇളക്കി, ടയറും സ്പെയർ പാർട്സുകളും ശേഖരിക്കാൻ കഴിയുന്ന രീതിയിൽ ഉൾവശം രൂപമാറ്റം വരുത്തി ഡിപ്പോകൾക്ക് കൈമാറും. ദേശീയ-സംസ്ഥാന പാതകളിലും മലയോരങ്ങളിലെ ഇടവഴികളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് തകരാർ സംഭവിച്ചാൽ ടൂൾകിറ്റും മെക്കാനിക്കുമായി ഇവ കുതിച്ചെത്തും.

കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക്ഡൗണായി യാത്രക്കാരെ അടുത്ത ബസിൽ കയറ്റിവിട്ടശേഷം ഡ്രൈവറും കണ്ടക്ടറും ‘രക്ഷകനു’ വേണ്ടി കാത്തുനിൽക്കും. അപ്പോഴേക്കും വർക്‌ഷോപ് വാനുകൾ കുതിച്ചെത്തും. കെ.എസ്.ആർ.ടി.സി ബസുകളുടെ ആംബുലൻസ് എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ വർഷങ്ങളായി സേവനം അനുഷ്ഠിച്ചിരുന്ന വർക്‌ഷോപ് വാനുകൾ കൂട്ടത്തോടെ വിരമിക്കുകയാണ്. 40 വർഷത്തോളം രക്ഷകരായി പണിയെടുത്ത വർക്‌ഷോപ് വാനുകൾ സംസ്ഥാനത്തിന്റെ മിക്ക കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും 24 മണിക്കൂറും ഡ്യൂട്ടിക്ക് ഇറങ്ങിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ വർക്‌ഷോപ് വാനുകൾക്ക് അവസാനയാത്ര നേർന്നുകൊണ്ടുള്ള കുറിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങൾ പഴക്കമുണ്ടെങ്കിലും വർക്‌ഷോപ് വാനുകളുടെ കണ്ടീഷൻ ഇപ്പോഴും മികച്ചതാണ്. ഗ്രീസിന്റെയും എണ്ണയുടെയും മണമുണ്ടെങ്കിലും വാഹനത്തെ വലിച്ച് ഗ്യാരേജിലെത്തിക്കാനുള്ള എൻജിൻ കരുത്ത് വർക്‌ഷോപ് വാനുകൾക്കുണ്ട്. വർക്‌ഷോപ് ജീവനക്കാരുടെ അഭിമാനമായ ഈ 'ആംബുലൻസിന്' എപ്പോഴും മികച്ച പരിഗണനയായിരുന്നു അവർ നൽകിയിരുന്നത്. വർക്‌ഷോപ് വാനുകൾ എല്ലാം പൊളിച്ചുമാറ്റുന്നതിനു പകരം ചിലതെങ്കിലും സൂക്ഷിച്ചുവെക്കണമെന്നും ബസ് മ്യൂസിയം ആരംഭിക്കുമ്പോൾ നാളത്തെ തലമുറയ്ക്ക് കാണാൻ അവയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. പൊളിക്കാതെ വിൽപ്പനയ്ക്ക് വെച്ചാൽ വാങ്ങാമെന്ന ആഗ്രഹം പങ്കുവെക്കുന്നവരും ഏറെയാണ്.

Tags:    
News Summary - Old Vans Retire, Priyadarshinis Become Saviors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.