വിഴിഞ്ഞം തുറമുഖമെന്ന ആശയം യഥാർഥത്തിൽ ആരുടേതാണ്? എന്തും വിവാദമാകുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ് വിഴിഞ്ഞത്തിന്റെ പിതൃത്വം. അവകാശികൾ പലരുണ്ട്. രേഖകളിൽ ഉള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. ആരുമറിയാതെ ചരിത്രത്തിന്റെ താളുകളിൽ മറഞ്ഞുപോയവരുമെത്രയോ. എന്തായാലും ഒരുപാട് മനുഷ്യർ പലകാലങ്ങളിൽ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മേയ് രണ്ടിന് സംഭവിക്കുന്നത്. പ്രാചീനകൃതികളിലും യാത്രാവിവരണ ഗ്രന്ഥങ്ങളിലും ശിലാശാസനങ്ങളിലും സമൃദ്ധമായ പരാമർശങ്ങൾ ഉണ്ടെങ്കിലും ഒരു ആധുനിക തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാനുള്ള ചർച്ചകൾ എന്നാണ് തുടങ്ങിയതെന്നത് തർക്കവിഷയമാണ്. ലഭ്യമായ രേഖകളിൽ ഇതുസംബന്ധിച്ച ആദ്യ പരാമർശം ദിവാൻ രാജാ കേശവദാസിന്റെ (1789-1798) കാലത്താണ്.
തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമയുടെ (ധർമരാജ) ഭരണകാലമായിരുന്നു അത്. 1906ൽ ചരിത്രകാരനും ദിവാൻ പേഷ്കാറുമായിരുന്നു നാഗമയ്യ എഴുതിയ ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. അതുപ്രകാരം രാജ്യത്തിന്റെ വാണിജ്യമേഖലയെ സമുദ്ധരിക്കുകയായിരുന്നു കേശവദാസിന്റെ പ്രധാന ലക്ഷ്യം. ഇതിനായി കന്യാകുമാരിമുതൽ വടക്കോട്ടുള്ള തുറമുഖ പട്ടണങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഇവയിൽ ഏറ്റവും സാധ്യത കണ്ട ആലപ്പുഴയിലും വിഴിഞ്ഞത്തും രണ്ടു പുതിയ തുറമുഖങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള ഒന്നര നൂറ്റാണ്ടോളം കേരളത്തിന്റെ അതിപ്രധാന തുറമുഖനഗരമായി ആലപ്പുഴ വാണു. കൊച്ചി തുറമുഖത്തിന്റെ ഉദയം വരെയും അത് തുടർന്നു. പക്ഷേ, ആലപ്പുഴക്കൊപ്പം പരിഗണിച്ച വിഴിഞ്ഞത്ത് മാത്രം ഒന്നും സംഭവിച്ചില്ല.
വർഷങ്ങൾ കഴിഞ്ഞു. വേലുത്തമ്പി ദളവക്ക് പിന്നാലെ 1809ൽ ഉമ്മിണി തമ്പി ദിവാനായി. അദ്ദേഹത്തിന്റെ പ്രധാന ശിപാർശകളിലൊന്നായിരുന്നു വിഴിഞ്ഞത്ത് ഒരു തുറമുഖം സ്ഥാപിച്ച് വലിയൊരു വാണിജ്യകേന്ദ്രമാക്കുക എന്നത്. ഭരണകൂടത്തിന്റെ പ്രീതി നഷ്ടപ്പെട്ട ഉമ്മിണി തമ്പിയുടെ ദിവാൻ പദവി പൊടുന്നനെ അവസാനിച്ചു. അതോടെ വിഴിഞ്ഞം ശിപാർശക്കും അകാല ചരമം. പിന്നീട് ദീർഘമായ ഒരു നൂറ്റാണ്ടുകാലം ഔദ്യോഗിക രേഖകളിൽ കാര്യമായി വിഴിഞ്ഞമില്ല.
1905ൽ വികസിപ്പിച്ച ശ്രീമൂലം പ്രജാസഭയുടെ പ്രഥമ സമ്മേളനത്തിൽ വിഴിഞ്ഞം പിന്നെയും വരുന്നു. തിരുവനന്തപുരത്തെ വ്യാപാര സമൂഹത്തെ പ്രതിനിധീകരിച്ച് സഭാംഗമായ എസ്. സ്വാമി അയ്യങ്കാറാണ് സഭ സമ്മേളനത്തിൽ നിവേദനം സമർപ്പിക്കുന്നത്. വിഴിഞ്ഞത്ത് ഒരു തുറമുഖം നിർമിക്കണമെന്നും തിരുവല്ലം കനാലുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു സ്വാമി അയ്യങ്കാറിന്റെ ആവശ്യം. 1940 കളിൽ ദിവാൻ സർ. സി.പി രാമസ്വാമി അയ്യരുടെ കാലത്ത് സാധ്യത പഠനം നടത്തുകയും നിർമാണത്തിന് നീക്കങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും അധികം മുന്നോട്ടുപോയില്ല.
സ്വാതന്ത്ര്യാനന്തരം ’90 കളുടെ തുടക്കത്തിലാണ് കാര്യമായ ആലോചനകൾ പിന്നീട് ഉണ്ടാകുന്നത്. അതുവരെ കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചിയുടെ വികസനത്തിലൂന്നിയാണ് സംസ്ഥാനത്തിന്റെ തുറമുഖനയം ക്രമീകരിച്ചിരുന്നത്. ’91ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എം.വി. രാഘവൻ കേരളത്തിലെ തീര, തുറമുഖ വികസനത്തിൽ സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു. തുറമുഖ വകുപ്പിന്റെ യോഗങ്ങളിലെല്ലാം അദ്ദേഹം വിഴിഞ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. അന്താരാഷ്ട്ര ആഴക്കടൽ തുറമുഖം എന്ന അടിസ്ഥാന ചിന്തക്ക് വിത്തുപാകിയത് എം.വി. രാഘവൻ തന്നെയായിരുന്നു.
1993 ഫെബ്രുവരി 10ന് നിയമസഭയിൽ എം.എം. ഹസന് ഉന്നയിച്ച ചോദ്യവും മന്ത്രി എന്ന നിലയിൽ എം.വി. രാഘവൻ നൽകിയ മറുപടിയും ഈ വിഷയത്തിൽ ഒരു നാഴികക്കല്ലാണ്. ചോദ്യം: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
മറുപടി: ‘സംസ്ഥാന സർക്കാർ അഭ്യർഥിച്ചതിൻ പ്രകാരം വിഴിഞ്ഞം തുറമുഖം കസ്റ്റംസ് പോർട്ടായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് ഈ തുറമുഖം വഴി കയറ്റിറക്കുമതി പ്രവർത്തനങ്ങൾ നടത്തുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താൻ നടപടിയെടുത്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്രമായ വികസനത്തിനുവേണ്ടി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സർക്കാർ സജീവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.’
ഒരുവർഷം കഴിഞ്ഞ് ’94 ഫെബ്രുവരി 21ന് പിണറായി വിജയൻ, എൻ.കെ രാധ, എ. വിജയകുമാർ എന്നിവർ നിയമസഭയിൽ പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു. ‘സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി സ്വകാര്യനിക്ഷേപം സമാഹരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?’ ‘അതെ’യെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ മറുപടി പറയുമ്പോൾ എം.വി. രാഘവന്റെ മനസ്സിൽ വിഴിഞ്ഞം തന്നെയായിരുന്നു. .
ഏതാണ്ട് ഇതേ സമയത്താണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന പദ്ധതി രേഖ തയാറാക്കാനുള്ള സർക്കാറിന്റെ തീരുമാനം. ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരാണ് അതിന് നിർദേശം നൽകിയത്. ഹാർബർ എൻജിനീയറിങ് വകുപ്പ് മുൻ ചീഫ് എൻജിനീയർ ശിവരാജ വിജയൻ, ചീഫ് എൻജിനീയർ വി.സി. ബേബി എന്നിവർ വഴി ആ റിപ്പോർട്ട് തയാറാക്കേണ്ട ഉത്തരവാദിത്തം അസി. എക്സിക്യൂട്ടിവ് എൻജിനീയറായ ഡോ. ജയകുമാറിന്റെ ചുമലിലായി. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുന്നതിനൊപ്പം അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തിരുവനന്തപുരത്ത് പലയിടത്ത് ഇൻഡസ്ട്രിയൽ സോണുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും പിന്നീട് ‘വിസിലി’ന്റെ ചെയർമാനും എം.ഡിയുമൊക്കെയായി മാറിയ ജയകുമാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ ആറാമത്തെ പോയന്റാണ് പിൽക്കാലത്ത് വിഴിഞ്ഞത്തിന്റെ യഥാർഥ പദ്ധതിരേഖയായി മാറിയത്. അതിങ്ങനെ: ‘അന്താരാഷ്ട്ര കപ്പൽച്ചാൽ വിഴിഞ്ഞം തീരത്തുനിന്ന് 25 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ്. നിലവിൽ ഈ റൂട്ട് വഴി പോകുന്ന കപ്പലുകൾ ട്രാൻസ്ഷിപ്മെന്റിനായി കൊളംബോയെയാണ് ആശ്രയിക്കുന്നത്. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ ഈ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാം.’
മൊത്തം 2,000 കോടി രൂപയുടെ പദ്ധതിയാണ് അന്ന് വിഭാവനം ചെയ്തത്. അതിൽ 480 കോടിയും ഇൻഡസ്ട്രിയൽ സോൺ വികസനത്തിനായിരുന്നു. തുറമുഖ നിർമാണത്തിന് 1350 കോടിയും. ഇതാണ് പിന്നീട് 2015ൽ അദാനി ഗ്രൂപ്പുമായി കരാറിൽ ഒപ്പിടുമ്പോൾ 7,525 കോടിയിലേക്ക് എത്തിയത്. 30 വർഷത്തിനുശേഷം ഇപ്പോഴത് 9,000 കോടിയിലേക്ക് അടുക്കുന്നു. 1995 മാർച്ചിലാണ് ഈ റിപ്പോർട്ട് സർക്കാറിന് കൈമാറിയത്. ഇടക്ക് മന്ദീഭവിക്കുകയും തടസ്സപ്പെടുകയും ചെയ്തെങ്കിലും മാറിമാറി വന്ന സർക്കാറുകളുടെ ശ്രമഫലമായാണ് ഇന്ന് പദ്ധതി യാഥാർഥ്യമാകുന്നത്.
ആധുനിക സൗകര്യങ്ങൾ, സാങ്കേതിക വിദ്യകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.