കൊച്ചി: സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി ഇലക്ട്രിക്കൽ വയറിങ്, ഫയർ എക്സ്റ്റിങ്ഗ്വിഷർ എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്താൻ പരിശോധന നടത്തേണ്ട ചുമതലയിൽനിന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനീയർമാരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ഒഴിവാക്കി.
മേയ് 25ന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനത്തിന്റെ മിനിറ്റ്സ് പരിശോധിച്ച ശേഷമാണ് കെ.എ.ടിയുടെ ഉത്തരവ്. അതേസമയം, സ്കൂളുകളിൽ പ്രവർത്തിപ്പിക്കാവുന്ന തരത്തിലുള്ള ഫയർ എക്സ്റ്റിങ്ഗ്വിഷറുകൾ ഉണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനീയർമാർ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു.
മുൻകാലങ്ങളിലെ പോലെ സ്കൂളുകളുടെ സുരക്ഷ പരിശോധന വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്നതിന് പകരം തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനീയർമാരും ആരോഗ്യ വിഭാഗവും കൂടി നടത്തണമെന്ന സർക്കാർ നിർദേശത്തിനെതിരെ അസി. എൻജിനീയർമാർ നൽകിയ ഹരജിയാണ് കെ.എ.ടി പരിഗണിച്ചത്. തങ്ങൾക്ക് വൈദഗ്ധ്യമില്ലാത്ത കാര്യങ്ങളിൽ പരിശോധന നടത്താനുള്ള നിർദേശം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഹരജി. ഇതേ തുടർന്ന് ഇക്കാര്യത്തിൽ സർക്കാറിന്റെ വിശദീകരണം തേടിയ ട്രൈബ്യൂണൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അതുവരെ ഹരജിക്കാരെ നിർബന്ധിക്കരുതെന്ന് ഇടക്കാല ഉത്തരവിട്ടു. തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ച് പുതിയ തീരുമാനങ്ങളെടുത്തത്.
സ്കൂൾ സുരക്ഷ പരിശോധനകൾക്കായി എ.ഇ.ഒ, സ്കൂൾ മേധാവി, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിക്ക് മേൽനോട്ട ചുമതല നൽകാനാണ് യോഗത്തിൽ തീരുമാനമെടുത്തത്. ഇക്കാര്യം സർക്കാർ കെ.എ.ടിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് അസി. എൻജിനീയർമാരെ ഒഴിവാക്കിയത്. വിഷയം മൂന്നാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.