തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെ ദുരന്തസാധ്യതകളും മുന്നിൽകണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു.
കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കണം. ഡാമുകളുടെ സുരക്ഷ, മഴ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം.
കേന്ദ്ര ജല കമീഷനും ഡാം സുരക്ഷ അതോറിറ്റി എന്നിവയുമായി വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം.
അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിലെത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം.
ഉരുൾപൊട്ടൽ സാധ്യത മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ ദേശീയ പാത അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.
സ്കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം.
ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണം. ആന്റിവെനമുൾപ്പെടെ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലതലത്തിൽ കലക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാനും തീരുമാനമായി.
യോഗത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി കെ. മുരളീധരൻ, റവന്യൂമന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ല കലക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.