വിസ്മയയുടെ മരണം: കിരണിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകി -ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന്‍റെ പേരിൽ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിന് ഉത്തരവാദിയായ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഉറപ്പു നൽകിയതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് കിട്ടിയാലുടൻ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി ആന്‍റണി രാജു അറിയിച്ചതെന്നും ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു. ശാസ്താംകോട്ടയിലെ വിസ്മയയുടെ വസതിയിൽ മാതാപിതാക്കളെ സന്ദർശിച്ച ശേഷം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തിൽ ശരീരവും മനസും നൊന്ത് ജീവനൊടുക്കിയ വിസ്മയയുടെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ടു. കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു വിങ്ങിക്കരയുന്ന അച്ഛൻ ത്രിവിക്രമൻ നായരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിനോട് ഫോണിൽ സംസാരിച്ചു. റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറക്ക് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

നമ്മുടെ നാട്ടിലെ എത്രയോ സ്ത്രീകളെ മരണത്തിലേക്കും നിരന്തരമായ ഗാർഹികപീഡനത്തിലേക്കും തള്ളിയിടുന്ന ക്രൂരമായ ഏർപ്പാട് ആണ് സ്ത്രീധനം. പ്രാകൃതമായ ഈ സമ്പ്രദായം പെൺകുട്ടികളെ നിത്യദു:ഖത്തിലേക്കാണ് കൂട്ടികൊണ്ടുപോകുന്നത്. നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും വാങ്ങാനും കൊടുക്കാനും ആളുണ്ട്. ഇതിന്റെ പേരിലെ വഴക്കും മരണവും മാതാപിതാക്കളുടെ മനഃസമാധാനം നശിപ്പിക്കുകയും തീരാദു:ഖത്തിലേക്ക് വീഴ്ത്തുകയുമാണ് ചെയ്യുന്നത്.

സാധാരണ കുടുംബങ്ങളിൽ സ്ത്രീധനം മൂലമുണ്ടാകുന്ന ആവലാതികൾ ചെറുതല്ല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകൾ ഇന്നും ഇവിടെ ശക്തമായി നിലനിൽക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിനു അപമാനമാണ്. ഇത്തരം ദുരവസ്ഥകൾക് അവസാനം കണ്ടേ മതിയാകൂ.

ഒരു പെൺകുട്ടിയുടേയും അഭിമാനവും വ്യക്തിത്വവും സമ്പത്തിന്റെ പേരിൽ ആരുടെയും മുന്നിൽ അടിയറവ് വയ്ക്കേണ്ട സാഹചര്യം ഉണ്ടാകരുത്.പെണ്മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നേടിയെടുക്കാൻ സഹായിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. തുല്യരായി സ്ത്രീകൾക്ക് തലയുയർത്തി നിൽക്കാനാവുന്ന സമൂഹത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ രാഷ്ട്രീയ ഇടപെടലും ഉണ്ടാകണം.

ഭർത്തൃഗൃഹങ്ങളിൽ ചവിട്ടി മെതിക്കപ്പെടുന്ന നമ്മുടെ പെൺകുട്ടികളുടെ നിലവിളികളെ ഇനിയും കേൾക്കാതെ ഇരുന്നു കൂടാ...

മരിച്ച വിസ്മയയെക്കാൾ ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാർ നമ്മുടെ ചുറ്റിലുമുണ്ട് എന്ന് മറക്കരുത്.

ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീർ ഈ മണ്ണിൽ വീഴരുത്.

വിസ്മയയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ..

Tags:    
News Summary - Vismaya's death: Transport Minister assures departmental action against Kiran - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.