മൊണാലിസയും ഭർത്താവ് ഫർമാൻ ഖാനും വാർത്താസമ്മേളനത്തിൽ

വിവാഹം ലവ് ജിഹാദ് അല്ല, ഹിന്ദു വിശ്വാസപ്രകാരമാണ് നടന്നത്; മതം മാറില്ലെന്ന് മൊണാലിസ

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെയുടെ വിവാഹത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടയിൽ പ്രതികരണവുമായി മൊണാലിസയും ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാനും രംഗത്ത്. തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ ലൗ ജിഹാദ് എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കൊണ്ടാണ് വാർത്ത സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും മൊണാലിസയും ഫർമാനും പറഞ്ഞു.

തിരുവനന്തപുരം അരുമാനൂർ ക്ഷേത്രത്തിൽ വിവാഹിതയായ മൊണാലിസക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പ്രതികരണവുമായാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും അതിനാൽ തന്നെ നിയമാനുസൃതമായി വിവാഹ പ്രായം ആയെന്നും മൊണാലിസ പറഞ്ഞു.

മധ്യപ്രദേശിൽ നിന്ന് നൽകിയ ജനന സർട്ടിഫിക്കറ്റ് അനുസരിച്ച്, 2008 ജനുവരി ഒന്നിന് ജനിച്ച മൊണാലിസക്ക് 18 വയസ്സ് പൂർത്തിയായതായി ഭർത്താവ് മുഹമ്മദ് ഫർമാൻ പറഞ്ഞു. 18 വയസ്സ് പൂർത്തിയായിട്ടില്ലെങ്കിൽ എങ്ങനെയാണ് കെ-സ്മാർട്ട് വഴി വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നും ഫർഹാൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ ഇരുവരും മാധ്യമങ്ങൾക്ക് മുമ്പിൽ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു.

'തനിക്ക് 18 വയസ്സായി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം. വിവാഹ ശേഷം മതം മാറില്ല' മൊണാലിസ പറഞ്ഞു. മൊണാലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും അതിൽ മതം മാറ്റത്തിന് പ്രസക്തിയില്ലായെന്നും ഫർമാൻ കൂട്ടിച്ചേർത്തു. 

അതേസമയം, മൊണാലിസക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. 2025 ജനുവരി 21ന് മൊണാലിസ തന്റെ പതിനാറാം പിറന്നാൾ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കുട്ടിയുടെ അമ്മയുമായി ബന്ധപെട്ടപ്പോഴും അമ്മയും ഇതേകാര്യത്തിൽ ഉറച്ചുനിൽക്കുന്നയും അനിൽ പറഞ്ഞു. ശൈശവവിവാഹത്തിന്റെയും പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും വിവാഹത്തിന് സൗകര്യം ഒരുക്കിയവർക്കെതിരെയും കേസ് എടുക്കണമെന്ന് അനിൽ പറഞ്ഞു. സംഭവത്തിൽ വ്യാജരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് മൊണാലിസ ഭോസ്‌ലെയും മുഹമ്മദ് ഫർമാൻ ഖാനും വിവാഹിതരാകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ റഹിം എം.പി എന്നിവരുൾപ്പെടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 'രണ്ട് സ്വതന്ത്ര വ്യക്തികൾ എന്ന നിലയിൽ അവർ വിവാഹിതരാകുന്നു' എന്ന് കരുതിയാൽ മതി എന്നാണ് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags:    
News Summary - I have completed 18 years of age, the marriage is according to Hindu beliefs, I will not change my religion - Monalisa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.