ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌.ഐ.ടി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌.ഐ.ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണമെന്നും എസ്‌.ഐ.ടി ആവശ്യപ്പെട്ടു. തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ നിക്ഷേപമുണ്ട്. കേസില്‍ ഒന്നാം പ്രതിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

സ്വര്‍ണം പൂശിയ തകിടുകളെ വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി മഹസറില്‍ ഒപ്പുവെച്ച് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി അനുമതി നല്‍കിയെന്നും പ്രധാന മഹസറുകളില്‍ ഒപ്പുവെക്കാതിരുന്നത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നും എസ്‌.ഐ.ടി വാദിച്ചു. ദേവസ്വം മാന്വലിന് വിരുദ്ധമായി വിലപിടിപ്പുള്ള വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി സൗകര്യമൊരുക്കിയതായും സ്വര്‍ണത്തകിടുകള്‍ മാറ്റുന്നതിന് മുന്‍പ് നടത്തേണ്ട അനുജ്ഞാകലശം പോലുള്ള പ്രധാന ആചാരങ്ങള്‍ ഒഴിവാക്കിയതായും എസ്‌ഐടി ആരോപിച്ചു.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഹരജികളില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. എസ്‌.ഐ.ടി അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ തെളിവുകള്‍ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും കണ്ടെത്താന്‍ എസ്‌.ഐ.ടിക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം നല്‍കിയിരുന്നത്. നേരത്തെ, രാഷ്ട്രീയവൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം തന്ത്രി പ്രതികരിച്ചത്. 

Tags:    
News Summary - Sabarimala gold theft: SIT moves High Court seeking cancellation of Thantri Kantarar Rajeeva's bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.