ആലപ്പുഴ: പാർട്ടി വിട്ട് പുറത്തുവന്ന ജി. സുധാകരന് നേരെ പ്രതിഷേധം കനപ്പിച്ച് സി.പി.എം. സി.പി.എം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് സുധാകരന് നേരെ പാർട്ടി അനുയായികളുകളുടെ പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ വീടിന് പുന്നപ്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
സുധാകരന്‍റെ വീടിന് സമീപം സി.പി.എം പ്രതിഷേധ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. 'കുലംകുത്തികളെ കാലം വർഗ വഞ്ചകൻ' എന്ന് വിളിക്കും എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. സൈബർ ഇടങ്ങളിലും സുധാകരന് നേരെ കനത്ത വിമർശനങ്ങളാണ് ഉയരുന്നത്.
അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകം അദ്ദേഹത്തിന്‍റെ പറവൂർ കിഴക്ക് നവനീതം വീടിന്‍റെ സമീപത്തെ വീടിന്‍റെ മതിലിൽ ഉൾപ്പെടെ സുധാകരനെതിരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. 'രക്ത സാക്ഷികൾ സിന്ദാബാദ്', 'വർഗവഞ്ചകന് മാപ്പില്ല, വോട്ടില്ല. സിപിഎം' എന്നാണ് പോസ്റ്ററിലെ വരികൾ. വി.എസ് അച്യുതാനന്ദന്‍റെ വേലിക്കകത്ത് വീടിന്‍റെ സമീപ വീടുകളുടെ മതിലിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
സുധാകരനെ വർഗവഞ്ചകനെന്നു വിളിച്ചുള്ള പോസ്റ്ററുകൾ പാർട്ടിയുടെ അറിവോടെയല്ലെന്നു സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചത് തെറ്റാണെന്നും സുധാകരന്‍റെ നിലപാട് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആരെങ്കിലും ചെയ്തതാകാം എന്നും നാസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.