പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് പിന്നിൽ. രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റിന് കൈമാറി.
മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ സ്ഥാനാർഥികളെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല അധ്യക്ഷൻ, കെ.പി.സി.സി സാംസ്കാരിക സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.
സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തിൽ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുള്ള നേതാക്കളെ അടൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടും നടക്കില്ലെന്നായതോടെ നീണ്ട കുറിപ്പുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് വൈകാരിക കുറിപ്പ്.
പൂർണരൂപം വായിക്കാം: ‘കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.