മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എക്കെതിരെ ബാനറുകൾ. കോഴിക്കോട് നിന്ന് ഒരു പേയ്മെന്‍റ് സീറ്റ് ഇനിയും ഈ മണ്ഡലത്തിൽ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് പോരാളികൾ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കഴിവും പ്രാപ്തിയുമുള്ള മൂന്ന് യുവ നേതാക്കൾ പെരിന്തൽമണ്ണയിൽ ഉണ്ടെന്ന് പോസ്റ്ററിൽ പറയുന്നു.
എ.കെ. മുസ്തഫ, എ.കെ. നാസർ മാസ്റ്റർ, ഇസ്മാൻ താമരത് എന്നിവരുടെ ചിത്രങ്ങളും ബാനറിൽ ഉണ്ട്. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആണ് ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ യു.ഡി.എഫിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ എതിരാളികളാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
'പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കഴിവും പ്രാപ്തിയുമുള്ള മൂന്ന് യുവ നേതാക്കൾ ഉള്ളപ്പോൾ കോഴിക്കോട് നിന്ന് ഒരു പേയ്മെന്‍റ് സീറ്റ് ഇനിയും ഈ മണ്ഡലത്തിൽ അനുവദിക്കരുത്. കഴിവുള്ള നേതാക്കൾ ആണെങ്കിൽ സ്വന്തം മണ്ഡലത്തിൽ ജയിച്ചു വാ...മണ്ഡത്തിൽ പോരാഞ്ഞത് കൊണ്ടാണല്ലോ, മണ്ഡലവും ജില്ലയും വിട്ടു പോരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ പേയ്മെന്‍റ് സീറ്റ് അവസാനിപ്പിക്കുക' -ബാനറിൽ പറയുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ നജീബ് കാന്തപുരത്തിന് 76530 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫിന്‍റെ കെ.പി.എം മുസ്തഫ ഹാജിക്ക് 76492 വോട്ടുകൾ ലഭിച്ചു. 38 വോട്ടുകള്‍ക്കാണ് അന്ന് നജീബ് കാന്തപുരം വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.