നിസ്കാര കുപ്പായത്തിൽ കരോൾ സംഘത്തെ സ്വീകരിച്ച് ഉമ്മ; ‘‘ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ...’’

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലടക്കവും ആക്രമണം നടക്കുമ്പോൾ മലപ്പുറത്തുനിന്നുള്ള ഒരു കരോൾ സംഘത്തിന്‍റെ വീഡിയോ ശ്രദ്ധ നേടുന്നു. രാത്രി നമസ്കരിക്കാൻ തയാറെടുക്കുന്നതിനിടെ വീട്ടിലെത്തിയ കുട്ടികളുടെ കരോൾ സംഘത്തെ നിസ്കാര കുപ്പായത്തിൽ തന്നെ വീടിന് മുന്നിലേക്കെത്തി സ്വീകരിക്കുന്ന ഉമ്മയാണ് ദൃശ്യങ്ങളിലുള്ളത്.

വീട്ടിൽനിന്നും പുറത്തുവന്ന കരോൾ സംഘത്തിലെ കുട്ടികളോട് ‘‘നിങ്ങളെ ചീത്ത പറഞ്ഞോ’’ എന്ന ചോദ്യത്തിന് ‘‘ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ...’’ എന്ന മറുപടിയും ദൃശ്യങ്ങളിലുണ്ട്. മലപ്പുറം പട്ടർനടക്കാവിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കരോൾ സംഘത്തിനുവേണ്ടി പാടി അയ്യപ്പ ഭജന സംഘം

കോട്ടയം കുമരകത്ത് നിന്നുള്ള കരോൾ സംഘത്തിന്‍റെ കാഴ്ചയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഭജന നടക്കുന്ന പന്തലിലേക്ക് എത്തിയ കരോൾ സംഘത്തെ സ്നേഹത്തോടെ അയ്യപ്പ ഭക്തർ എതിരേൽക്കുകയാണ്.


കരോൾ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോൾ താളമേളങ്ങളുമായി ഭജന സംഘവും ഒപ്പം കൂടുന്നു. കുട്ടികളും പ്രായമായവരുമടക്കം കരോൾ ആസ്വദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആലപ്പുഴയിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി

ആലപ്പുഴ: രണ്ട് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ആലപ്പുഴ നൂറനാട് കരിമുളയ്ക്കലിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

യുവ, ലിബർട്ടി എന്നീ ക്ലബ്ബുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞവർ രൂപീകരിച്ചതാണ് ലിബർട്ടി. കുട്ടികൾക്കും സ്ത്രീകൾക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.

Tags:    
News Summary - Viral video of Christmas carol group from Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.