കൊച്ചി: തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര ജി.എസ്.ടി, കസ്റ്റംസ് വകുപ്പുകള്‍. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പറും, ഇ മെയില്‍ വിലാസവും വകുപ്പ് പ്രസിദ്ധപ്പെടുത്തി.
സംവദിദായകരെ സ്വാധീനിക്കാന്‍ പണം, ചരക്ക്, മദ്യം, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങളുടെ കടത്ത് എന്നിവ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളവും എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് നിരീക്ഷണ ടീമുകളെയും കേന്ദ്ര നികുതി വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളായ ആദായനികുതി, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയവയുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.
വ്യാപാരികളോട് ചരക്കുനീക്കം നടത്തുമ്പോളും വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കുന്ന ചരക്കുകളുടെയും മതിയായ രേഖകള്‍ സൂക്ഷിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ ചരക്കുനീക്കം അല്ലെങ്കില്‍ ചരക്കുകളുടെ അനധികൃത സംഭരണം, സമാനമായ കുറ്റകൃത്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 0484-2394105 നമ്പറിലോ: cex15prev.ker@nic.in എന്നു ഇമെയിലോ അതുമല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ജി.എസ്.ടി, കസ്റ്റംസ് ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.