തിരുവനന്തപുരം: വിവിധ കേസുകളിൽ ഹാജരാകുന്നതിനുള്ള തടവുകാരുടെ ‘കോടതി സഞ്ചാര’ത്തിന് അറുതിയാകുന്നു. ഇൗമാസം അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും വിഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽവരും. യാത്രക്കിടയിൽ തടവുകാരുടെ സുരക്ഷയടക്കമുള്ള തലവേദന ഒഴിവാകുന്നതിന് പുറമെ ജയിൽവകുപ്പിന് ഇത് സാമ്പത്തിക ലാഭവുമുണ്ടാക്കും. കോടതികളെയും ജയിലിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കുന്നതിന് വർഷങ്ങൾക്ക് മുമ്പുതന്നെ നടപടികൾ ആരംഭിച്ചെങ്കിലും അത് വിജയം കണ്ടിരുന്നില്ല. ആറുമാസം മുമ്പ് വീണ്ടും ആരംഭിച്ച ശ്രമമാണ് ഇപ്പോൾ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്.
പ്രതികളെ വിവിധ കോടതികളിൽ ഹാജരാക്കുന്നതിന് പ്രതിദിനം രണ്ടായിരത്തോളം പൊലീസുകാരാണ് ഡ്യൂട്ടി ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്ന പ്രതികൾ വെട്ടിച്ചുകടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ പൊലീസുകാരെ അസഭ്യം പറയുക, ആക്രമിക്കാന്‍ ശ്രമിക്കുക തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രതികളെ സമയത്ത് കോടതികളിൽ ഹാജരാക്കാൻ പൊലീസുകാരെ ലഭിക്കാത്തതിനാൽ കോടതികളുടെ രൂക്ഷവിമർശനങ്ങൾക്ക് വിധേയമാകുന്ന സാഹചര്യവും നിലവിലുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇൗ പ്രശ്നങ്ങളൊക്കെ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജയിൽവകുപ്പ്. മാത്രമല്ല, പ്രതികളുടെയും പൊലീസുകാരുടെയും യാത്രക്കും ഭക്ഷണത്തിനുമുള്ള ചെലവ് ലാഭിക്കാനും കഴിയും.
ജയില്‍, െഎ.ടി വകുപ്പുകളുടെയും കോടതിയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനം ഒരുക്കുന്നത് ബി.എസ്.എൻ.എല്ലും ഉപകരണങ്ങള്‍ നല്‍കുന്നത് കെല്‍ട്രോണുമാണ്. ഹൈകോടതി ഉള്‍പ്പെടെ സംസ്ഥാനത്തെ 383 കോടതികളിലും 55 ജയിലുകളിലുമാണ് വിഡിയോ കോൺഫറൻസിങ് സൗകര്യം ഒരുക്കുന്നത്. 450 സ്റ്റുഡിയോകള്‍ പദ്ധതിക്കായി ഒരുക്കും. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രതിയുമായി ജഡ്ജിക്ക് ആശയവിനിമയം നടത്താനാവും.
ജഡ്ജിയുടെ തീരുമാനം ഇൻറർനെറ്റ് വഴി ഉടൻതന്നെ ജയിലില്‍ ലഭ്യമാകും. തുടക്കത്തില്‍ റിമാന്‍ഡ് പ്രതികള്‍ക്ക് മാത്രമായാണ് വിഡിയോ കോണ്‍ഫറന്‍സിങ്. ഭാവിയില്‍ എല്ലാ കേസുകള്‍ക്കും വിഡിയോ കോണ്‍ഫറന്‍സിങ് ഏര്‍പ്പെടുത്തും. സെപ്റ്റംബർ അവസാനം പദ്ധതി ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.