രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജിയിൽ വിധി 28ന്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജിയിൽ കോടതി 28ന് വിധിപറയും. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്.ഐ.ടി അപേക്ഷ നൽകി. രാഹുലും അതിജീവിതയും തമ്മിലുള്ള ചില സംഭാഷണങ്ങൾ പരിശോധിക്കണമെന്ന് അന്വേഷണസംഘം നിലപാടെടുത്തു. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് രാഹുലും അതിജീവിതയും തമ്മിൽ ഉള്ളതെന്ന് തെളിയിക്കുന്നതിന്​ വേണ്ടിയാണ് പ്രതിഭാഗം ശബ്ദ​സന്ദേശം ഹാജരാക്കിയത്.

ശബ്ദസന്ദേശത്തി​ന്റെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ പ്രതിഭാഗം എതിർത്തുവെങ്കിലും അത് പരിഗണിക്കാതെ കേസ് ജനുവരി 28ലേക്ക് കോടതി മാറ്റുകയായിരുന്നു. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചത്.

പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തി തന്റെ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയമുണ്ടെന്നും പരാതിക്കാരി സത്യവാങ്മൂലത്തില്‍ പറയുന്നു.

താൻ ഗർഭഛിദ്രം നടത്തിയത് രാഹുലിന്‍റെ ഭീഷണി മൂലമാണ്. രാഹുലിന്‍റെ സുഹൃത്ത് ജോബി എത്തിച്ച് നൽകിയ ഗുളികകൾ കഴിച്ചത് വിഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. ബലാത്സംഗത്തിനിടെ ഏറ്റ ഗുരുതരമായ പരിക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

പ്രതി സാഡിസ്റ്റാണ്. ഗുരുതരമായ മനോവൈകൃതമുള്ള ആളാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ട്. അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. അധികാരവും സ്വാധീനവുമുള്ള എം.എൽ.എക്ക് ജാമ്യം നൽകുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ നിശ്ശബ്ദരാക്കും എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്കോടതിയെയും ഹൈകോടതിയെയും രാഹുൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ച വസ്തുതകളും അർധ സത്യങ്ങളുമാണെന്നും പരാതിക്കാരി പറഞ്ഞു.

രാഹുല്‍ ലൈംഗിക വൈകൃതമുള്ള ആളാണ്. രാഹുലിന് ജാമ്യം കൊടുത്താല്‍ തെളിവ് നശിപ്പിക്കും. രാഹുലിന്റെ ഫോണിലുള്ള തന്‍റെ നഗ്ന വിഡിയോ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടെന്നും യുവതി പറയുന്നു.

Tags:    
News Summary - Verdict on Rahul Mamkootathil bail plea on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.