എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്‍റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. 'കാലം പറഞ്ഞ കഥ' എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി.
വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹരജിയിലെ വാദം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടികാട്ടുന്നു. ഫെബ്രുവരി ആറിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
2025 ഫെബ്രുവരി 25നാണ് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതാവിന്‍റെ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.