വിഴിഞ്ഞം ഓഹരി കൈമാറ്റം: അന്തിമ തീരുമാനത്തിന് കടമ്പകൾ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് തുറമുഖ നടത്തിപ്പുകാരായ അദാനി കമ്പനി സർക്കാറിന് നൽകിയ അപേക്ഷയിൽ അന്തിമ തീരുമാനത്തിലെത്താൻ കടമ്പകളേറെ. സംസ്ഥാന സർക്കാറിന്‍റെ മാത്രമല്ല, വിദേശനിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ വിവിധ ഏജന്‍സികളുടെയും അനുമതി ലഭ്യമായാലേ ഓഹരി കൈമാറ്റവുമായി കമ്പനിക്ക് മുന്നോട്ടുപോകാനാവൂ. സംസ്ഥാന സർക്കാറിനു ലഭിച്ച അപേക്ഷ ആദ്യം പരിശോധിക്കുക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ്.

വിഴിഞ്ഞം തുറമുഖത്തിന്‍റെയും വിദേശ കമ്പനിയുമായുള്ള ഓഹരി കൈമാറ്റത്തിന്‍റെയും കരാർ വ്യവസ്ഥകൾ പഠിച്ച് സമിതി സർക്കാറിന് ശിപാർശ നൽകും. ഈ ശിപാർശ മന്ത്രിസഭക്കു മുന്നിൽ വരും. ഇത് പരിഗണിച്ചാണ് വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകണമോ എന്ന് മന്ത്രിസഭ തീരുമാനിക്കുക. വിദേശനിക്ഷേപത്തിൽ പ്രതിപക്ഷ നേതാവടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ രാജ്യസുരക്ഷ, പൊതുജന താൽപര്യം തുടങ്ങിയ കാര്യങ്ങൾ അടക്കം പരിഗണിച്ചേ സംസ്ഥാന സർക്കാറിന് നിലപാടെടുക്കാനാവൂ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനാണ് അദാനി ഗ്രൂപിന്‍റെ തീരുമാനം. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ എം.എസ്.സിയുടെ കണ്ടെയ്നർ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് (ടി.ഐ.എൽ)ആണ് ഓഹരി വാങ്ങുന്നത്.

13,220 കോടി രൂപയാണ് ടി.ഐ.എൽ നിക്ഷേപിക്കുക. എന്നാലിതിന് സർക്കാറിന്‍റെ മുൻകൂർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാറിനെ അറിയിക്കേണ്ട ഘട്ടം ആയിട്ടില്ലെന്നായിരുന്നു അദാനി ഗ്രൂപിന്‍റെ മറുപടി. ഇതിനു പിന്നാലെയാണ് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ ഖേൽക്കർ, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എം.ഡി ജെറോമിക് ജോർജ് എന്നിവർക്ക് അപേക്ഷ നൽകിയത്. എം.എസ്.സിയുമായുള്ള കരാർ വ്യവസ്ഥകളും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഓഹരി കൈമാറ്റത്തിൽ ചട്ടലംഘനമില്ലെന്നാണ് കമ്പനിയുടെ വാദം. തുറമുഖത്തിന്‍റെ വാണിജ്യപ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുശേഷം 74 ശതമാനം ഓഹരികൾ വിൽക്കാം. 2024 ഡിസംബർ 24നാണ് വിഴിഞ്ഞത്ത് വാണിജ്യപ്രവർത്തനം തുടങ്ങിയത്.

ഒരുവർഷവും ആറുമാസവും കഴിഞ്ഞശേഷമാണ് ഓഹരി കൈമാറ്റം നടത്തുന്നത്. നടപടികൾക്ക് സർക്കാറിന്‍റെ മുൻകൂർ അനുമതി വേണമെന്ന കാര്യവും അദാനി കമ്പനി നിഷേധിക്കുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച് ആദ്യം അറിയിക്കേണ്ടത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) ആണ്. സെബിയുടെ അനുമതി കിട്ടിയ ശേഷമേ ഔദ്യോഗികമായി സർക്കാറിനെ അറിയിക്കേണ്ടതുള്ളൂ എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

നടക്കാൻ പാടില്ലാത്ത എന്തോ നടന്നു -പിണറായി

ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ എം.​എ​സ്.​സി ക​മ്പ​നി​യു​മാ​യി ജൂ​ൺ 29ന് ​ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്ന്​ അ​ദാ​നി ഗ്രൂ​പ് സെ​ബി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​റി​ന്റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ അ​ദാ​നി ഗ്രൂ​പി​ന് എ​ങ്ങ​നെ ധൈ​ര്യം​വ​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ക​രാ​റി​ന്​ വി​രു​ദ്ധ​മാ​യി ഇ​ത്ത​ര​ത്തി​ൽ അ​വ​ർ മു​ന്നോ​ട്ടു​പോ​യ​ത്​ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത എ​ന്തോ കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

News Summary - Vizhinjam Share transfer: Many hurdles before final decision; Cabinet to decide after high-power committee recommendation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.