തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം യുവാക്കളെ ആകർഷിക്കുമെന്ന വിമർശനം തണുപ്പിക്കാൻ വി.ഡി. സതീശൻ സർക്കാറിന്റെ പുതിയ നീക്കം. മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ച് എക്സൈസ് വകുപ്പ്. 23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നത് തടയണമെന്നാണ് നിർദേശം. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വീര്യം കുറഞ്ഞ മദ്യം യുവാക്കളെ ആകർഷിക്കുമെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് വി.ഡി. സതീശൻ സർക്കാറിന്റെ പുതിയ നീക്കം.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കർശനമാക്കാനാണ് ആലോചന. 'നോ ഐ.ഡി നോ എൻട്രി' എന്ന കർണാടക മാതൃകയിലാണ് 23 വയസ്സാകാത്തവർക്ക് മദ്യം വിൽക്കുന്നതിനുള്ള നിരോധനം കർശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 18 വയസ്സായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി.
ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി 21 വയസ്സാക്കി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇത് 23 വയസ്സായി ഉയർത്തിയിരുന്നു. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകില്ലെന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കർശനമായി നടപ്പാക്കിയില്ലെന്നാണ് യു.ഡി.എഫ് സർക്കാറിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് 'നോ ഐ.ഡി നോ എൻട്രി' എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാൻ ആലോചിക്കുന്നത്.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച വിഷയത്തിൽ മുസ്‍ലിം ലീഗിന് വിയോജിപ്പുണ്ടായിരുന്നതായി സമ്മതിച്ച് മന്ത്രി കെ.എം. ഷാജി. എതിർപ്പുണ്ടെങ്കിലും മന്ത്രിസഭ തീരുമാനത്തോടൊപ്പം നിന്നു. നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്ന നിലപാടാണ് മുസ്‍ലിം ലീഗിനെന്നും മന്ത്രി കെ.എം. ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യു.ഡി.എഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരിൽ പൊതുതീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാദങ്ങൾക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ കഴിഞ്ഞ നിയമസഭ പാസാക്കിയിരുന്നു. ബജറ്റിന്റെ ഗ്രെയ്‌സ് കളയാൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. യു.ഡി.എഫിലെ വിമർശകരെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അതിന് വഴങ്ങില്ലെന്നും യു.ഡി.എഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മദ്യ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ എതിർപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തുവന്നിരുന്നു. എല്ലാക്കാലത്തും തനിക്ക് ഒരേ നിലപാടാണ്. മദ്യത്തിന്റെ നികുതി കുറക്കാനുള്ള നീക്കത്തോട് എതിർപ്പാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. രണ്ടാം തവണയാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് നിർദേശത്തിൽ സ്പീക്കർ എതിർപ്പ് പരസ്യമാക്കുന്നത്. സർക്കാർ നയത്തോട് സ്പീക്കർ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുന്നത് അത്യപൂർവമാണ്.
എന്നാൽ, തീരുമാനത്തെ ന്യായീകരിച്ച് വി.ഡി. സതീശന്റെ പക്ഷം ചേരുകയാണ് മന്ത്രി കെ. മുരളീധരൻ. 'ഇത് സ്പിരിറ്റ് കലർത്തിക്കൊടുക്കുന്ന സിസ്റ്റമല്ല.' ബിൽ പാസായാൽ നികുതിയിളവ് നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. എന്നാൽ, തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.