പാസ്പോർട്ട് പൗരത്വത്തിന്റെ രേഖയല്ല എന്ന പ്രസ്താവന അത്ര നിഷ്കളങ്കമല്ല -ഷാജഹാൻ മാടമ്പാട്ട്

തേഞ്ഞിപ്പലം: കേരളത്തിലെ മുസ്‍ലിമിന് തുല്യപൗരത്വ ബോധം നൽകി എന്നതാണ് മുസ്‍ലിം ലീഗ് രാഷ്ട്രീയം നൽകിയ ഏറ്റവും വലിയ സംഭാവന എന്ന് പ്രമുഖ എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ ഷാജഹാൻ മാടമ്പാട്ട്. കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ്‌ കോയാ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച എം.ഐ തങ്ങൾ അനുസ്മരണ ചടങ്ങിൽ ‘ന്യൂനപക്ഷ രാഷ്ട്രീയം, കേരളാ മാതൃക, ഇന്ത്യൻ സാധ്യത’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പ് നൽകിയ തുല്യ പൗരത്വം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ ചോദ്യ ചിഹ്നമായി തുടരുകയാണ്. അപ്പോഴാണ് 26 ശതമാനം വരുന്ന കേരള മുസ്‍ലിംകൾക്ക് 25 ശതമാനത്തോളം കേരള നിയമ സഭയിൽ പ്രാതിനിധ്യമുണ്ടാവുന്നത്.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിൽ കേരള മുസ്‍ലിംകൾ ഏറെ മുന്നേറുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയവും ഈ മാറ്റത്തിന് കാരണമായ ഘടകമാണ്. ദലിത്‌, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ സ്വയം സംഘടിച്ചപ്പോൾ അല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഒരു നീതിയും കിട്ടിയിട്ടില്ല. ന്യൂനപക്ഷ രാഷ്ട്രീയ ശാക്‌തീകരണം ഇനിയും ഏറെ മുന്നോട്ട് പോകണം.

1930കളിൽ ജർമനിയിലെ ജൂത സമൂഹം അനുഭവിച്ച അതേ അവസ്ഥ ഇന്ത്യൻ മുസ്‍ലിംകൾക്കുമുണ്ട്. വംശീയ ഉന്മൂലനം നടന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. പാസ്പോർട്ട് പൗരത്വത്തിന്റെ രേഖയല്ല എന്ന പ്രസ്താവനയിലെ ഉള്ളടക്കം അത്ര നിഷ്കളങ്കമല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം ഏറ്റവും കൂടുതൽ ആർ.എസ്.എസ് ശാഖകൾ ഉള്ള കേരളത്തിലെ ഹിന്ദുത്വ തെരഞ്ഞെടുപ്പ് ഫലത്തിൽ മാത്രമാണ് പിന്നിൽ.

മാരക വിഷം പടർന്നിട്ടും മരിക്കാതെ ബാക്കിയാവുക മാത്രമാണ് നമ്മൾ. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ സസൂക്ഷ്മമം നിരീക്ഷിക്കുന്നവർക്ക് ഇക്കാര്യം എളുപ്പം ബോധ്യമാവുമെന്നും ഷാജഹാൻ ആശങ്ക പങ്കുവെച്ചു. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സി.എച്ച്. ചെയർ പ്രഥമ ഡയറക്ടർ പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രെയിസ് ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുൽ അഷ്‌റഫ്, ഗ്രെയിസ് വൈസ് ചെയർമാൻ ഇബ്രാഹിം മുഹമ്മദ്, കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. പി.പി. മുഹമ്മദ്‌, സി.എച്ച്. ചെയർ ഗവേർണിങ് ബോർഡ്‌ അംഗം ഡോ. എ.കെ. ഷാഹിന മോൾ, കെ.എസ്. ഹരിഹരൻ, മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, ഡോ. ഔസാഫ് അഹ്‌സൻ, ഡോ. സുബൈർ ഹുദവി, ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ്, ആരിഫ് സെയിൻ, വി.എസ്. അബൂബക്കർ, അഡ്വ. ഡാനിഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സി.എച്ച്. ചെയർ ഡയറക്ടർ ഖാദർ പാലാഴി സ്വാഗതവും ഗ്രെയിസ് അസോസിയേറ്റ് അംഗം അശ്‌റഫ് തൂണേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Statement that passport is not proof of citizenship is not so innocent' - Shajahan Madampat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.