കൊച്ചി: കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്റെ ആവശ്യം ഹൈകോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലുള്ള ഫർമാൻ കൂടുതൽ സമയം തേടി ഉപഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്.
മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടാൻ കേരള ഹൈകോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് മധ്യപ്രദേശ് കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഫർമാൻ. രണ്ട് സമുദായക്കാരായ തങ്ങളെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയാൽ ദുരഭിമാനക്കൊലക്ക് വരെ ഇരയാകാൻ സാധ്യതയുണ്ടെന്ന് കാട്ടി ഫർമാനും പെൺകുട്ടിയും നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. മുൻകൂർ ജാമ്യഹരജി പിന്നീട് ട്രാൻസിറ്റ് ഹരജിയായി ഭേദഗതി ചെയ്താണ് നൽകിയത്.
മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചു കൊണ്ട് ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിന് പിന്നാലെ ഫർമാൻ ഹൈകോടതിയിൽ ഉപഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.