അയോധ്യ: രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും സംഭാവന തട്ടിപ്പ് കേസിൽ ആരോപണ വിധേയനുമായ ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് ബാർ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്. കോടതി പരിസരത്തുനിന്ന് അയോധ്യയിലെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ അഭിഭാഷകർ, നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചു. കേസിൽ പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്ന് ബാർ അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവർക്കായി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ അഞ്ചുലക്ഷം രൂപ വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
വിവാദങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അയോധ്യയിലെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. ചമ്പത് റായ് ഉൾപ്പെടെയുള്ള മുതിർന്ന ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ സുരക്ഷയും വർധിപ്പിച്ചു.
രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് പ്രതി ലവ്കുഷ് മിശ്രയുടെ ഭാര്യയുടെ പേരിൽ, അനുമതിയില്ലാതെ വീട് നിർമിച്ചെന്നാരോപിച്ച് അയോധ്യ വികസന അതോറിറ്റി നോട്ടീസയച്ചു. അയോധ്യ വികസന അതോറിറ്റിയുടെ അനുമതി പത്രം വാങ്ങാതെയാണ് വീട് നിർമിച്ചതെന്നാണ് കണ്ടെത്തൽ. അതേസമയം, സംഭാവന തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പൊലീസ് ലവ്കുഷ് മിശ്രയുടെ വസതിയിൽ പരിശോധന നടത്തി.
കേസിൽ ഇതുവരെ ഏറ്റവും കൂടുതൽ പണം വീണ്ടെടുത്തത് പ്രതിയായ അവിനാഷ് ശുക്ലയിൽനിന്നാണ്. പൊലീസ് നൽകുന്ന കണക്ക് പ്രകാരം, അവിനാഷ് ശുക്ലയിൽനിന്ന് 20.39 ലക്ഷം രൂപയും, കരുണേഷ് പാണ്ഡെയിൽനിന്ന് 18.07 ലക്ഷം രൂപയും, അനുകൽപ് മിശ്രയിൽനിന്ന് 16.82 ലക്ഷം രൂപയും, ലവ്കുഷ് മിശ്രയിൽനിന്ന് 14.25 ലക്ഷം രൂപയും, രമാശങ്കർ മിശ്രയിൽനിന്ന് 7.32 ലക്ഷം രൂപയും, രമാശങ്കർ യാദവ് എന്ന ടിന്നുവിൽനിന്ന് ഒരു ലക്ഷം രൂപയും വീണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിനിടെ ഏകദേശം 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1,121 യു.എസ് ഡോളറും കണ്ടെടുത്തു.
അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ പങ്കുള്ള വാർത്തകൾ പുറത്തു വന്നതോടെ ക്ഷേത്രത്തിലെ തന്റെ സേവനം അവസാനിക്കുന്നതായി അറിയിച്ച് ക്ഷേത്രം ട്രസ്റ്റിലെ മുതിർന്ന ഭാരവാഹി ചമ്പത് റായ്. അയോധ്യയിലെ തന്റെ ‘സേവനം പൂർത്തിയായതായും’ ‘കളങ്ക’വുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അടുത്ത അനുയായികളോട് അറിയിച്ചതായാണ് അറിയാൻ കഴിയുന്നത്. നിലവിൽ ഏകാന്തവാസത്തിൽ കഴിയുന്ന റായ്, തന്റെ ട്രസ്റ്റ് ‘വഞ്ചിക്കപ്പെട്ടു’ എന്നും പറഞ്ഞതായി വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ അദ്ദേഹം തയാറായില്ല. രാമക്ഷേത്രത്തിലെ സംഭാവനകളിൽ തട്ടിപ്പ് നടന്നതായി ജൂൺ ഏഴിന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.