കോഴിക്കോട്: രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷനെ കുറിച്ച് പരാമർശമുള്ള വിഡിയോ പുറത്ത്. പത്മഭൂഷൺ കാശ് കൊടുത്താൽ കിട്ടുന്നതാണെന്ന ഇന്ത്യൻ എക്സ്പ്രസിന് നൽകിയ നൽകിയ അഭിമുഖത്തിലെ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘പത്മഭൂഷണൊക്കെ വല്ല വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീല്ലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം. തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല. ഞാൻ വല്ല അവാർഡ് വാങ്ങിച്ചതായി കേട്ടിട്ടുണ്ടോ?...’ എന്നായിരുന്നു അഭിമുഖത്തിലെ വെള്ളാപ്പള്ളിയുടെ പരാമർശം.
അതേസമയം, റിപ്പബ്ലിക് ദിനത്തിന് തലേന്ന് പത്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ താൻ അവാർഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ലെന്നും ലഭിച്ചതിൽ സന്തോഷമുണ്ടന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. രാജ്യത്തിന്റെ ആദരവായി ജനങ്ങൾ തന്ന പുരസ്കാരം തന്നെ താനാക്കി മാറ്റിയ സമുദായാംഗങ്ങൾക്കും ഗുരുവിനും സമർപ്പിക്കുന്നു.
ചാനലിലൂടെയാണ് വിവരമറിഞ്ഞത്. പത്മഭൂഷൺ പുരസ്കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാൻ അനുഗ്രഹിച്ചതും അർഹനാക്കിയതും സമുദായാംഗങ്ങളാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താൻ അവാർഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ല. അവാർഡും ഡോക്ടറേറ്റും നൽകാമെന്നൊക്കെ പറഞ്ഞ് സംഘടനകളും സ്ഥാപനങ്ങളുമൊക്കെ പല തവണ സമീപിച്ചിട്ടുണ്ട്. അതിനൊന്നും വഴങ്ങിയിട്ടില്ല. കേന്ദ്ര സർക്കാറിന്റെ ഈ അംഗീകാരത്തിൽ ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല. സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അഞ്ച് പത്മഭൂഷണും 13 പത്മവിഭൂഷണും ഉൾപ്പെടെ 131 പത്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനെ കൂടാതെ, നടൻ മമ്മൂട്ടിക്കും പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യൂതാനന്ദൻ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണൻ, നടൻ ധർമേന്ദ്രക്കും (മരണാനന്തരം) പ്രമുഖ വയലിനിസ്റ്റ് എൻ. രാജം എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിക്കും.
കലാമണ്ഡലം വിമല മേനോൻ, ശാസ്ത്രജ്ഞൻ എ.ഇ. മുത്തുനായകം, സാമൂഹിക പ്രവർത്തനത്തിന് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകിയമ്മ തുടങ്ങിയവർ ഉൾപ്പെടെ 113 പേർക്ക് പത്മശ്രീ നൽകും. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തരം), ഗായിക അൽക യാഗ്നിക്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോശിയാരി, ഡോ. കല്ലിപ്പട്ടി രാമസ്വാമി പളനി സ്വാമി, ഡോ.നോരി ദത്തത്രേയുദു, പരസ്യ രംഗത്തെ കുലപതി പിയുഷ് പാണ്ഡെ (മരണാനന്തരം), എസ്.കെ.എം. മൈലാനന്ദൻ, ശതാവധാനി ആർ. ഗണേഷ്, ഉദയ് കൊടാക്, വി.കെ. മൽഹോത്ര (മരണാനന്തരം), വിജയ് അമൃതരാജ് എന്നിവർക്കും പത്മഭൂഷൺ സമ്മാനിക്കും. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ എന്നിവർക്കും പത്മശ്രീയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.