തിരുവല്ല: ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി ഇന്ന് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാഗത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ യുദ്ധങ്ങൾ വരെ നടക്കുന്നു. ചില മതങ്ങളിൽ വിദ്വേഷം മാത്രമേയുള്ളൂ. തന്റെ മതം മാത്രം മതിയെന്നും മറ്റുള്ള മതങ്ങൾ വേണ്ടെന്നും മാത്രമല്ല, അതിന്റെ പേരിൽ കൊള്ളയും കൊലയും വരെ ലോകത്തെമ്പാടും നടക്കുന്നു. ജാതിയും മതവുമില്ലെന്ന് പറയുന്നവരും തെരഞ്ഞെടുപ്പിൽ ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ഥാനാർഥിയുടെ പേരോ ജാതിയോ നോക്കാതെ ആനപ്പെട്ടി, കുതിരപ്പെട്ടി, രാഷ്ട്രീയ പാർട്ടികളുടെ പേരുമൊക്കെ പറഞ്ഞാണ് വോട്ട് ചെയ്തിരുന്നത്. എന്നാലിപ്പോൾ സ്ഥാനാർഥി ഏത് ജാതിയാണെന്ന് നോക്കി തന്റെ ജാതി ആണെങ്കിൽ മാത്രമേ വോട്ടുചെയ്യൂ എന്ന നിലപാടാണ് ചിലർ പുലർത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സന്ദേശം നൽകി. രാജ്യസഭ മുൻഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ വിശിഷ്ടാതിഥിയായി. പാർലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി എം.പി, എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്‌പെക്ടിങ് ഓഫീസർ എസ്. രവീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ,
സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന ഗ്രന്ഥശാല സംഘം വൈസ് പ്രസിഡന്റ് എ.പി. ജയൻ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ്കുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ എന്നിവർ പ്രസംഗിച്ചു. ഉച്ചക്ക് ശേഷം ബിബിൻ ഷാൻ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.