ചാലപ്പുറത്ത് ജയിച്ച ബി.ജെ.പിയുടെ അനിൽ കുമാർ. കോൺഗ്രസ് വിമതൻ അയൂബ്
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് വിമതൻ രംഗത്തു വന്ന ചാലപ്പുറം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം. ചതുഷ്കോണ മത്സരമായി മാറിയപ്പോൾ, ബി.ജെ.പിയുടെ അനിൽകുമാർ കെ.പി 133 വോട്ടിന് ജയിച്ചു.
യു.ഡി.എഫ് സീറ്റ് വിഭജനത്തിന്റെ ഭാഗമായി ചാലപ്പുറം വാർഡ് സി.എം.പിക്ക് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാവ് അയ്യൂബ് വിമതനായി മത്സര രംഗത്തിറങ്ങിയത്. ഇതോടെ യു.ഡി.എഫ് വോട്ടുകൾ ഭിന്നിച്ചതാണ് ഉറച്ച സീറ്റ് നഷ്ടപ്പെടുത്താൻ ഇടയാക്കിയത്. അനിൽ കുമാർ 734 വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർഥി എൻ.സി.പിയിലെ അഭിലാഷ് ശങ്കർ 601 വോട്ടുമായി രണ്ടാമതായി.
യു.ഡി.എഫ് സ്ഥാനാർഥി വി. സജീവ് 583ഉം, കോൺഗ്രസ് വിമതൻ അയ്യൂബ് 484ഉം വോട്ടുകൾ സ്വന്തമാക്കി. ഇതുവഴി യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിച്ചതോടെ, ബി.ജെ.പി സ്ഥാനാർഥി അനായാസം വിജയം കാണുകയായിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ അയ്യൂബും സംഘവും ഡി.സി.സി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെയും ഡി.സി.സി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ അനുരഞ്ജന ശ്രമങ്ങൾ നടന്നിട്ടും വഴങ്ങാതെ മത്സര രംഗത്തിറങ്ങിയതോടെ യു.ഡി.എഫ് ഉറപ്പിച്ച സീറ്റ് നഷ്ടമായി.
വരും ദിനങ്ങളിൽ ജില്ലാ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കൂടി വഴിവെക്കുന്നതാണ് ചാലപ്പുറം വാർഡിലെ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.