ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണ ജോര്‍ജ്. പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മൂന്ന് കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 2.25 കോടി, തൃശൂര്‍ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 1.01 കോടി, വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രം 1.40 കോടി, കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം 62.60 ലക്ഷം, ആന്റി റാബിസ് ക്ലിനിക്കുകള്‍ 1.99 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

ട്രൈബല്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ സാക്ഷാത്ക്കാരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ട്രൈബല്‍ മേഖലയോട് ചേര്‍ന്നുള്ള കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 16 സ്ലൈസ് സിടി സ്‌കാനിംഗ് മെഷീന്‍ വാങ്ങുന്നതിനാണ് തുകയനുവദിച്ചത്. റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഐ.പി കെട്ടിട നിര്‍മ്മാണത്തിനാണ് തുകയനുവദിച്ചത്.

തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേര്‍ന്നുള്ള വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനാണ് തുകയനുവദിച്ചത്. ട്രൈബല്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഡ്രഗ് സ്റ്റോര്‍ നവീകരിക്കും.

അട്ടപ്പാടിക്ക് പ്രത്യേക പ്ലാൻ

അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയാറാക്കി. 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് 'പെന്‍ട്രിക കൂട്ട' എന്ന പേരില്‍ ഓരോ അങ്കണവാടികളുടേയും കീഴില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ യൂനിറ്റ് നവീകരിക്കുന്നതിനായി 65.47 ലക്ഷം രൂപ അനുവദിച്ചു. 1.13 കോടി രൂപ ചെലവഴിച്ചുള്ള ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യുവിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അട്ടപ്പാടി മേഖലയിലെ എല്ലാ സബ് സെന്ററുകളേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി വരുന്നു. ഡയാലിസിസ് യൂനിറ്റ്, കീമോ തെറാപ്പി സെന്റര്‍ എന്നിവ സജ്ജമാക്കുന്നതിന് 7.40 കോടി രൂപ അനുവദിച്ചു. ഇത് കൂടാതെയാണ് കൂടുതല്‍ തുകയനുവദിച്ചത്.

വയനാട്ടിലെ നവീകരണം

വയനാട് പേരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി നവീകരിക്കുന്നതിനും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഇമ്മ്യൂണൈസേഷന്‍ ബ്ലോക്കിനുമാണ് തുകയനുവദിച്ചത്. 6.14 ലക്ഷം രൂപ വീതം ചെലവഴിച്ച് വയനാട് ബത്തേരിയിലും വൈത്തിരിയിലും ആന്റിനെറ്റല്‍ ട്രൈബല്‍ ഹോം നിര്‍മ്മിച്ചു. ഗര്‍ഭിണികളായ ആദിവാസികളെ കുടുംബ സമേതം താമസിപ്പിച്ച് പ്രസവ ശുശ്രൂക്ഷ നല്‍കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഇത്തരം ഹോമുകള്‍ സജ്ജമാക്കിയത്. ഇതുകൂടാതെ 20 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടി ടി.ബി. സെല്ലും സജ്ജമാക്കി. 45 ശതമാനത്തോളം ആദിവാസി വിഭാഗമുള്ള നൂല്‍പ്പുഴയില്‍ വലിയ ചികിത്സാ സംവിധാനങ്ങളൊരുക്കി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് സഹായത്തോടെ ഫിസിയോതെറാപ്പി ആരംഭിച്ചു. ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവപൂര്‍വ പാര്‍പ്പിടം 'പ്രതീക്ഷ' സജ്ജമാക്കി.

ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ ആശുപത്രികളില്‍ തസ്തികള്‍ അനുവദിച്ച് പ്രവര്‍ത്തനമാരാംഭിക്കാന്‍ നടപടി സ്വീകരിച്ചു. ട്രൈബല്‍ മേഖലയിലുള്‍പ്പെടെയുള്ള അനീമിയ രോഗ പ്രതിരോധത്തിനായി സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ' എന്ന പേരിലുള്ള കാമ്പയിനില്‍ ട്രൈബല്‍ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നു.

Tags:    
News Summary - Veena George said that special consideration will be given to the development of hospitals in tribal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.