തിരുവനന്തപുരം: സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ്. വിവിധ സംസ്ഥാനങ്ങളുടെ ബോര്‍ഡര്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അതിര്‍ത്തി ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഡേറ്റ പങ്കിടല്‍, മുന്‍കൂര്‍ അപായ സൂചനകള്‍ നല്‍കല്‍, സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ തയാറാക്കല്‍, പ്രാദേശികമായുള്ള അവബോധ സാമഗ്രികളുടെ വികസനം, ആവശ്യമുള്ളപ്പോള്‍ കണ്ടെയ്ന്‍മെന്റ്, ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കല്‍ എന്നീ മേഖലകളില്‍ പരസ്പരം ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
പലതരം സാംക്രമിക രോഗങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പലതരം പകര്‍ച്ചവ്യാധികള്‍, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങള്‍ എന്നിവ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആളുകളെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആന്റിമൈക്രോബയല്‍ പ്രതിരോധം, കീടനാശിനി പ്രതിരോധം എന്നിവയെല്ലാം രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.
ക്ഷയം, മലേറിയ, എച്ച്1 എന്‍1, ഇന്‍ഫ്‌ളുന്‍സ, കോവിഡ്-19 തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ഏകാരോഗ്യം എന്ന ആശയം ഉള്‍ക്കൊണ്ട് സഹകരണം നിലനിര്‍ത്തുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം. പച്ചക്കറി, കോഴി, കന്നുകാലി എന്നിവയുടെ വലിയതോതിലുള്ള അന്തര്‍ സംസ്ഥാന വ്യാപാരം കണക്കിലെടുത്ത് കേരളത്തിന് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇത്തരം അതിര്‍ത്തി യോഗങ്ങള്‍ സഹായിക്കും. സാംക്രമിക രോഗ നിയന്ത്രണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നിരുന്നാലും, തുടര്‍ച്ചയായ വെല്ലുവിളികള്‍ കാരണം പകര്‍ച്ചവ്യാധികളെ നേരിടാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.