തിരുവനന്തപുരം: വലിയ ആഡംബരങ്ങളോ ധൂർത്തോ ഇല്ലാതെ ലളിതമായി ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വൻ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദേശം നൽകി. നിലവിൽ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷക്കാലത്തെ ഭരണത്തിൽ വലിയ രീതിയിൽ വിവാദങ്ങളിൽ നിറഞ്ഞ പേരായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ക്ലിഫ് ഹൗസിൽ നടത്തിയ വൻ തുകയുടെ നവീകരണ പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ വലിയ ആയുധമായിരുന്നു.
മൊത്തം 4.2 ഏക്കർ കോംപൗണ്ടിലായി 15,000 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടമാണ് ക്ലിഫ് ഹൗസ്. ഏഴ് കിടപ്പുമുറികൾ, ഒരു ഓഫീസ് മുറി, ഒരു കോൺഫറൻസ് ഹാൾ എന്നിവ ഇവിടെയുണ്ട്. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിചാരകർക്കുമായി രണ്ട് ചെറിയ കെട്ടിടങ്ങളും ഈ കോംപൗണ്ടിലുണ്ട്. ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കുന്നതിനായി മാത്രം ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ 31,92,360 രൂപ (31.92 ലക്ഷം) ആണ് ചെലവിട്ടത്.
വസതിക്കുള്ളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി മാത്രം 25.50 ലക്ഷം രൂപ അനുവദിച്ചതും കടുത്ത ജനവിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണവും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ ഇത്തരം ധൂർത്തുകൾക്കെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ അമർഷം കണക്കിലെടുത്താണ് പുതിയ ഭരണം തുടങ്ങുമ്പോൾ തന്നെ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനിച്ചിരിക്കുന്നത്. ആഡംബര നവീകരണങ്ങൾ ഒഴിവാക്കുന്നതിലൂടെ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ഒരു പുതിയ രാഷ്ട്രീയ ശൈലി മുന്നോട്ട് വെക്കുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.