മലപ്പുറം: പി.എം ശ്രീയിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകൂ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാർ നിയോഗിച്ച ഉപസമിതി എല്ലാം പഠിച്ച് വ്യക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പാണക്കാട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തിനുള്ള നയവും പാരമ്പര്യവും അനുസരിച്ചുതന്നെയായിരിക്കും കുട്ടികൾ പഠിക്കുക. അതിനപ്പുറത്തുള്ള ഒരു തീരുമാനവും ഉണ്ടാകില്ല.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെ മുൻവിധിയോടെ കാണേണ്ടതില്ല. സർക്കാർ എല്ലാ കാര്യവും പരിശോധിച്ചാണ് തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് നോക്കട്ടെ. വീഴ്ചയുണ്ടെങ്കിൽ മാറ്റും. മദ്യം വീര്യം കുറഞ്ഞതായാലും വീര്യമുള്ളതായാലും രണ്ടും വിൽക്കരുതെന്ന് തന്നെയാണ് ലീഗ് നിലപാട്. സർക്കാറിന് സർക്കാറിന്റേതായ ചില നയങ്ങളുണ്ടാകും. അതിൽ, മുസ്ലിം ലീഗ് പാർട്ടിയുടെ നയം അറിയിക്കും. ഇക്കാര്യത്തിൽ ആലോചിച്ചുമാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ വിദേശകമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അദാനി ഗ്രൂപ്പ് ബിസിനസ് കമ്പനിയായതിനാൽ അവരുടെ അഭിപ്രായത്തിനനുസരിച്ച് നീക്കം നടത്തിയിട്ടുണ്ടാകും. സർക്കാർ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിശദമായി പരിശോധിച്ച ശേഷമേ നടപടിയെടുക്കൂ. സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നും ജനങ്ങളുടെ 10 വർഷത്തെ കാത്തിരിപ്പ് വ്യർഥമായില്ലെന്ന് തെളിയിക്കുന്ന വിധമാണ് സർക്കാർ ഒരുമാസം മുന്നോട്ടുപോയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.