തിരുവനന്തപുരം: യഥാർഥ നികുതിദായകൻ സർക്കാറിന്റെ ശത്രുവല്ല, മിത്രമാണെന്നും അവർക്കൊരു പ്രതിസന്ധിയുണ്ടായാൽ സർക്കാർ കൈത്താങ്ങേകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ഇത്തരം നികുതിദായകൻ ഇല്ലാതാവുകയോ അയാളുടെ ബിസിനസ് പൂട്ടിപ്പോവുകയോ ചെയ്താൽ അതിന്റെ ആദ്യത്തെ ഇര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) വാർഷിക സമ്മേളനം തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് നികുതി കൂട്ടുന്നത് ആധുനിക നികുതി സംവിധാനത്തിന് യോജിച്ച നടപടിയല്ല. ഈ സർക്കാർ വന്ന ശേഷം ഒരു പുതിയ നികുതിയും ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെമേൽ നികുതി ചുമത്താതെ ഖജനാവ് നിറക്കാനാണ് സർക്കാർ ശ്രമം. നികുതി ചുമത്തിയതുകൊണ്ട് ഖജനാവ് നിറയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് രണ്ട് രൂപ സെസ് ചുമത്തിയതോടെ വലിയ ലോറികളടക്കം നികുതി കുറഞ്ഞ അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറക്കാൻ തുടങ്ങി. പിറ്റേ വർഷം ഒന്നര കോടി ലിറ്റർ ഡീസലിന്റെ വിൽപന കേരളത്തിൽ കുറഞ്ഞു. ഇതോടെ ഈ ഇനത്തിൽ കിട്ടിയ നികുതിയും നഷ്ടമായി. ഇവയുടെ വിൽപന കുറഞ്ഞതിനാൽ പ്രതീക്ഷിച്ച സെസും കിട്ടിയില്ല. ഇക്കാര്യം തുടക്കത്തിൽ തന്നെ താൻ ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവരും പരിഹസിക്കുകയായിരുന്നു. ഈ ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ നികുതി കുറച്ചതോടെ അവയുടെ വിൽപന വർധിച്ചിട്ടുണ്ട് -സതീശൻ പറഞ്ഞു.
ക്രെഡായ് കേരള ചെയർമാൻ റോയ് പീറ്റർ അധ്യക്ഷത വഹിച്ചു. മന്ത്രി ഷിബു ബേബിജോൺ, മേയർ വി.വി രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡൻറ് ജി. റാം റെഡ്ഢി, എം.എ മെഹബൂബ്, വി.എസ് ജയചന്ദ്രൻ, കെ. അരുൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.