കൽപ്പറ്റ: സിനിമയ്ക്കുവേണ്ടി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം വനംവകുപ്പിന്റെ നടപടി ഭീഷണിയിൽ. 'ബാലൻ: ദ ബോയ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നിർമിച്ച് നാട്ടുകാർക്ക് കൈമാറിയ കുന്ദുവാടിയിലെ ബസ് സ്റ്റോപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വനമേഖലയോട് ചേർന്നുനിൽക്കുന്ന ഈ ബസ് സ്റ്റോപ്പിലേക്ക് വിനോദസഞ്ചാരികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും ഒഴുക്ക് വർധിച്ചതാണ് വനംവകുപ്പിനെ ചൊടിപ്പിച്ചത്.
2025-ൽ ചിത്രീകരണം പൂർത്തിയായപ്പോൾ നാട്ടുകാരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് സിനിമാ പ്രവർത്തകർ ഈ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാതെ ഉപേക്ഷിച്ചത്. സ്കൂൾ വിദ്യാർഥികൾക്കും ഗ്രാമീണർക്കും മഴയും വെയിലും കൊള്ളാതെ ബസ് കാത്തിരിക്കാൻ ലഭിച്ച ഈ സംവിധാനം വലിയൊരു അനുഗ്രഹമായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങിയതോടെ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി. യൂട്യൂബർമാരും വ്ലോഗർമാരും കാടിന്റെ ശാന്തത തകർത്ത് ഇവിടേക്ക് കടന്ന് വരുന്നതും വനമേഖലയിൽ അനുമതിയില്ലാതെ ആളുകൾ കടന്നുകയറുന്നതും വന്യജീവികൾക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കണമെന്ന വനംവകുപ്പിന്റെ തീരുമാനം നാട്ടുകാർക്ക് വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്. "ഞങ്ങളുടെ കുട്ടികൾ ദിവസവും സ്കൂളിൽ പോകാൻ ആശ്രയിക്കുന്നത് ഈ ബസ് സ്റ്റോപ്പാണ്. ഇതിനെ പൊളിച്ചുമാറ്റുന്നത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല," എന്ന് നാട്ടുകാർ പറയുന്നു.
സിനിമയുടെ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയും ആശങ്ക പങ്കുവെച്ചു. "ഈ ബസ് സ്റ്റോപ്പ് നാട്ടുകാർക്ക് എത്രത്തോളം ഉപകാരപ്രദമാണെന്ന് ഞങ്ങൾ നേരിട്ട് കണ്ടതാണ്. ഒരു വലിയ ആവശ്യകത തിരിച്ചറിഞ്ഞാണ് ഞങ്ങൾ അത് അവിടെ നിലനിർത്താൻ സമ്മതിച്ചത്. ഇപ്പോൾ അത് പൊളിക്കണമെന്ന വാർത്ത കേൾക്കുമ്പോൾ വലിയ സങ്കടമുണ്ട്," അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ശനിയാഴ്ച ചെക്യാടിയിൽ വെച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചർച്ച നടത്തും. ബസ് സ്റ്റോപ്പിലേക്കുള്ള സന്ദർശകരുടെ വരവ് നിയന്ത്രിക്കാൻ കൃത്യമായ മാർഗമുണ്ടാവുകയാണെങ്കിൽ സ്റ്റോപ്പ് നിലനിർത്താൻ അനുമതി നൽകുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി അറിയിച്ചു. അല്ലാത്തപക്ഷം ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കേണ്ടി വരും. അധികൃതരുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുന്ദുവാടിയിലെ ആദിവാസി കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.