കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തീർപ്പാക്കി. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും തൃപ്തികരമാണെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി തീർപ്പാക്കിയത്. ഈ ഘട്ടത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വിലയിരുത്തി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ജോജോ ജോസാണ് ഹരജി നൽകിയത്. എന്നാൽ, ഈ വാദങ്ങളെ എതിർത്ത് പൊലീസ് മേധാവി സത്യവാങ്മൂലം നൽകി. അന്വേഷണം ശരിയായ ദിശയിലാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ല. മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരടക്കം 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് വിശ്വസിക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് വിശ്വസിക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിൽ സി.പി.എം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കം പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വാദം ശനിയാഴ്ചയും തുടരും. ആക്രമണദൃശ്യങ്ങൾ കോടതി പരിശോധിച്ചശേഷമേ വാദം പൂർത്തിയാകാൻ കഴിയൂവെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ഹരജി നൽകിയതിനെത്തുടർന്നാണ് കോടതി തുടർവാദത്തിനായി കേസ് മാറ്റിയത്. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹരജികൾ പരിഗണിക്കുന്നത്. ഇ.ഡിയുടെ പരിശോധന ആരംഭിച്ച് അഞ്ച് മണിക്കൂറിനകം 300 പേര് പ്രതിയാകുന്ന തരത്തില്‍ ആക്രമണമുണ്ടായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് വിശ്വസിക്കാനാകില്ല. ഇത്രയധികം ആളുകള്‍ തടിച്ചുകൂടിയതടക്കം കാര്യങ്ങൾ അന്വേഷണ പരിധിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജഡ്ജിക്കെതിരെയല്ല മുന്‍ പ്രോസിക്യൂട്ടര്‍ കോടതിയെ തെറ്റായ വിവരം ധരിപ്പിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സംഭവ സമയത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ ഹരജി ഫയല്‍ ചെയ്തു. ഈ ഹരജി ശനിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.