വി.ഡി. സതീശൻ, പിണറായി വിജയൻ

‘സംഘപരിവാർ നേതാക്കൾ പറഞ്ഞാൽ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി; വി.സി നിയമനത്തിൽ ഒത്തുതീർപ്പിന് നിർബന്ധിച്ചത് ആരെന്ന് വ്യക്തമാക്കണം’

തിരുവനന്തപുരം: വി.സി നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ സമവായത്തിൽ എത്തിയതിൽ, മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കോടതിയിൽനിന്ന് അനുകൂല നിലപാട് വരാനിരിക്കെയാണ് മുഖ്യമന്ത്രി സമവായത്തിലെത്തിയത്. സംഘപരിവാർ നേതാക്കൾ പറഞ്ഞാൽ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് കേരളത്തിലെ മുഖ്യമന്ത്രി. അങ്ങനെയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. അതുപോലെ തന്നെ കൂടിയാലോചന നടത്താതെയാണ് ഇപ്പോൾ വി.സി നിയമനത്തിലും ഒത്തുതീർപ്പായത്. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സതീശൻ പറഞ്ഞു.

“സുപ്രീംകോടതി സംസ്ഥാന സർക്കാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന ഘട്ടത്തിലാണ് ഗവർണറുമായി മുഖ്യമന്ത്രി കോംപ്രമൈസ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർഥത്തിൽ സംസ്ഥാനത്തിന്‍റെ താൽപര്യത്തിന് വിരുദ്ധമായ ഒത്തുതീർപ്പാണത്. ഈ ഒത്തുതീർപ്പിന് ഡൽഹിയിൽനിന്ന് ഏത് സംഘപരിവാർ നേതാവാണ് മുഖ്യമന്ത്രിയെ നിർബന്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഡൽഹിയിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കൾ പറഞ്ഞാൽ എവിടെയും ഒപ്പിട്ടുകൊടുക്കുന്ന ആളാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അങ്ങനെയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും നേരിൽ കണ്ടശേഷം പാർട്ടിയിൽ പോലും ചർച്ച ചെയ്യാതെയാണ് പി.എം ശ്രീയിൽ ഒപ്പുവെച്ചത്.

അതുപോലെ തന്നെ ഒരു കൂടിയാലോചനയും നടത്താതെയാണ് ഇപ്പോൾ വി.സി നിയമനത്തിലും ഒത്തുതീർപ്പായത്. രജിസ്ട്രാറെ സംരക്ഷിക്കാൻ വേണ്ടി എത്ര സമരങ്ങളാണ് നടന്നത്? ഇപ്പോൾ രജിസ്ട്രാറെ പറഞ്ഞുവിട്ടിരിക്കുകയാണ്. ആ സമരവും ഇപ്പോൾ ഒത്തുതീർപ്പിലെത്തിക്കുകയാണ്. സംഘപരിവാറും സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുതീർപ്പാണിത്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേരളം മുഴുവൻ സമരം ചെയ്ത് ഇത് സംഘപരിവാറിനെതിരെയുള്ള പോരാട്ടമാണ്, വിദ്യാഭ്യാസത്തിൽ സംഘപരിവാർ കടന്നുകയറ്റത്തിനെതിരെയുള്ള സമരമാണ് എന്നെല്ലാം പറഞ്ഞാണ് സമരം നടത്തിയത്. ഒടുവിൽ സർക്കാറിന് അനുകൂലമായി വിധി വരാനിരിക്കെ ഒത്തുതീർപ്പിലെത്തിയത് എല്ലാവരേയും അദ്ഭുതപ്പെടുത്തുകയാണ്” -വി.ഡി. സതീശൻ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലെക്കറെ കണ്ട് സമവായ സാധ്യതകൾ തേടിയിരുന്നു. പിന്നാലെ

കെ.ടി.യുവിൽ ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിനെയും വി.സിമാരായി നിയമിച്ച് ചാൻസലറായ ഗവർണർ ഉത്തരവിറക്കി. നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സിയായ ഡോ. സിസ തോമസിനെ കെ.ടി.യുവിൽ വി.സിയായി നിയമിക്കണമെന്ന ഗവർണറുടെ പിടിവാശിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിയതോടെയാണ് സമവായമായത്. സിസ തോമസിനെ കെ.ടി.യുവിൽ നിയമിക്കാൻ മുഖ്യമന്ത്രി സമ്മതം അറിയിച്ചതോടെ ഡിജിറ്റൽ സർവകലാശാലയിൽ മുഖ്യമന്ത്രി നിർദേശിച്ച ഡോ. സജി ഗോപിനാഥിനെ നിയമിക്കാൻ ഗവർണറും തയാറാവുകയായിരുന്നു.

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ ശിപാർശ തള്ളി സിസ തോമസിനെ കെ.ടി.യുവിൽ താൽക്കാലിക വി.സിയായി നിയമിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോ. ഡയറക്ടറായിരുന്ന സിസ, സർക്കാർ അനുമതിയില്ലാതെ വി.സിയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തതുമുതൽ സർക്കാറുമായി ഏറ്റുമുട്ടലിലായിരുന്നു. പെൻഷൻ തടഞ്ഞതോടെ സുപ്രീംകോടതി വരെ പോയാണ് സിസ ആനുകൂല്യങ്ങൾ നേടിയെടുത്തത്. പിന്നീട് സിസയെ ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വി.സിയായി ഇപ്പോഴത്തെ ഗവർണർ നിയമിച്ചിരുന്നു. 

Tags:    
News Summary - VD Satheesan slams Pinarayi Vijayan on Compromising VC Appointment Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.