ചർമസൗന്ദര്യത്തിന് എന്തുവഴിയും തേടുന്നവരാണ് അധികവും. നിറം കൂട്ടാനും ചർമത്തിൽ പ്രായത്തിന്റേതായ ചുളിവുകൾ ഇല്ലാതാക്കാനും പ്രായം കുറക്കാനുമെല്ലാം പുരട്ടുന്നതും കഴിക്കുന്നതുമായ എന്തും എത്ര വില ആയാലും ഉപയോഗിക്കും. ഇത്തരത്തിൽ ഇന്റർനെറ്റിൽ സജീവമായ ചർമ സംരക്ഷണ ചർച്ചയിൽ പ്രധാനപ്പെട്ടതാണ് ഗ്ലൂട്ടാത്തിയോൺ. ശരീരം സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടാത്തിയോൺ.
ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നീ അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കരളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇവ കോശത്തിന്റെ ആരോഗ്യത്തിനും കലകളുടെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കും. പ്രായത്തിന് അനുസരിച്ചും പോഷകാഹാരക്കുറവ്, സമ്മർദം തുടങ്ങിയവക്ക് അനുസരിച്ചും ഗ്ലൂട്ടാത്തിയോണിന്റെ അളവ് ഗണ്യമായി കുറയും. ഗ്ലൂട്ടാത്തിയോൺ ശരീരത്തിലെ ടൈറോസിനേസ് എന്ന എൻസൈമിനെ തടയുന്നതിനാൽ മെലാനിന്റെ അളവ് കുറയുന്നു. അതിനാൽ ചർമത്തിന് കൂടുതൽ തിളക്കവും നിറവും ലഭിക്കും. ഓക്സിഡേറ്റിവ് സമ്മർദത്തെ ചെറുക്കുകയും പിഗ്മെന്റേഷൻ കുറക്കുകയും ചെയ്യും.
സൗന്ദര്യവുമായി ബന്ധപ്പെട്ട് ഗ്ലൂട്ടാത്തിയോണിന്റെ ഓറൽ സപ്ലിമെന്റുകളും കുത്തിവെപ്പുകളും പലരും എടുക്കാറുണ്ട്. എന്നാൽ, ഒരു കോസ്മറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം മാത്രമേ ഇത്തരം സപ്ലിമെന്റുകൾ എടുക്കാവൂ. കാരണം അമിത ഉപയോഗം ചില പാർശ്വഫലങ്ങൾ സൃഷ്ടിച്ചേക്കാം. ശരീരത്തിലെ സ്വാഭാവിക മെലാനിൽ ഉൽപാദനം തടസ്സപ്പെടുത്തും. അമിത ഉപയോഗം ദഹനക്കേടും അലർജിയും ഉണ്ടാക്കാം. പിന്നീട് വൃക്കയുടെയും കരളിന്റെയും പ്രവർത്തനങ്ങളെയും ഇതു ബാധിച്ചേക്കാം.
മാത്രമല്ല, ഉയർന്ന ഡോസുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമായേക്കും. അതിനാൽ ഇന്റർനെറ്റിൽ കാണുന്ന ട്രെൻഡിനൊപ്പം പോകാതിരിക്കുക. സൗന്ദര്യചികിത്സക്കായി ഇത്തരം സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുമ്പ് ഡോക്ടറുടെ സേവനം തേടുക. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരോ മരുന്നുകളോട് അലർജിയുള്ളവരോ ഇത്തരം സപ്ലിമെന്റുകൾ എടുക്കുന്നതിനു മുമ്പ് നിർബന്ധമായും ഡോക്ടറുടെ സേവനം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.