തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജെ.ബി കോശി കമീഷൻ റിപ്പോർട്ടിലെ 220 ശിപാർശകൾ നടപ്പാക്കിയതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. 502 ശിപാർശകളാണ് റിപ്പോർട്ടിലുള്ളത്. ശിപാർശകൾ 36 വകുപ്പുകൾ മുഖേന നടപ്പിലാക്കേണ്ടവയാണ്. ഇവ അടിയന്തരമായി നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
17 സർക്കാർ വകുപ്പുകൾ ശിപാർശകൾ പൂർണമായി നടപ്പാക്കുകയും 19 വകുപ്പുകൾ ഭാഗികമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജെ.ബി കോശി റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന ജോബ് മൈക്കിളിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.
ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കേണ്ട 40 ശിപാർശകളിൽ 33 എണ്ണം നടപ്പാക്കി. വിജ്ഞാപനം ചെയ്ത ആറ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന സ്കോളർഷിപ്പ് വിതരണം ചെയ്യുന്നുണ്ട്. ഒന്നു മുതൽ എട്ടു വരെ ക്ലാസിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രീമെട്രിക് സ്കോളർഷിപ്പിന് പകരം മാർഗദീപം സ്കോളർഷിപ്പ് നൽകുന്നു.
ന്യൂനപക്ഷ വിഭാഗത്തിലെ ഗവേഷകർക്കുള്ള മൗലാനാ ആസാദ് റിസർച്ച് ഫെലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തിലാക്കിയ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന് കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ റീജണൽ ഓഫിസ് അനുവദിച്ച് ഉത്തരവായി. മദ്രസ അധ്യാപക ക്ഷേമനിധിപോലെ സൺഡേ സ്കൂൾ, വേദപഠനം, മതബോധനം നടത്തുന്ന അധ്യാപകർക്കും നടപ്പാക്കണമെന്ന ആവശ്യത്തിൽ ക്രൈസ്തവ മത പ്രതിനിധികളുമായി ചർച്ച നടത്തി തുടർനടപടി സ്വീകരിക്കും.
മാതാപിതാക്കൾ മരിച്ചുപോയതോ നഷ്ടപ്പെട്ടതോ ആയ കുട്ടികൾക്ക് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേന സ്നേഹപൂർവം പദ്ധതി നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.