തിരുവനന്തപുരം: പവന് ലക്ഷം കടന്ന് കുതിച്ചതോടെ സംസ്ഥാനത്ത് സ്വർണമോഷണത്തിലും വൻ വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും പൊലീസിന്‍റെയും കണക്കുകൾ ഇത് ശരിവെക്കുകയാണ്. ആക്രമിച്ച് സ്വർണം കവരുന്ന സംഭവങ്ങൾ നിത്യേനയെന്നോണമാണ് റിപോർട്ട് ചെയ്യുന്നത്. എന്നാൽ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുന്നുമില്ല. സ്വർണ വില വർധിച്ച സാഹചര്യത്തിൽ പലരും മുക്കുപണ്ടങ്ങളിലേക്കും മറ്റും മാറിയെങ്കിലും മോഷ്ടാക്കൾ ഇവരെയും വെറുതെവിടുന്നില്ല.
ബസുകളിലും ട്രെയിനുകളിലും തുടങ്ങി, വഴിയരികില്‍ ഒളിച്ചിരുന്നും ഇരുചക്രവാഹനങ്ങളിൽ എത്തിയുമുള്ള മാലപൊട്ടിക്കൽ മുതൽ വീടുകയറി ആളുകളെ ആക്രമിച്ചുള്ള കവര്‍ച്ചവരെ എത്തി നിൽക്കുന്നു സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ. വീട് കയറിയുള്ള മോഷണത്തിലും വർധനയുണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളാണ് ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്തെ റബർ ബോർഡ് ജീവനക്കാരുടെ ക്വാർട്ടേഴ്സിലും പന്തളത്തും കണ്ണൂരിലുമൊക്കെ നടന്നത്. കേരളത്തിലെ 80 ശതമാനത്തോളം വീടുകളിലും കുറഞ്ഞത് ഒരു പവന്‍ സ്വര്‍ണമെങ്കിലും ഉണ്ടെന്നാണ് ശരാശരി കണക്ക്. ‘ലക്ഷപ്രഭുക്കളായി’ മാറിയ ഇവർ കൈയിലുള്ള സ്വര്‍ണം സൂക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നെന്നതാണ് സത്യം. സ്വർണത്തിന്‍റെ പേരിൽ ജീവൻ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് സാധാരണക്കാർ പോലും.
സ്വർണം കൈവശമുണ്ടെങ്കിൽ എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന് മാറിയതോടെ ഏത് മാര്‍ഗത്തിലൂടെയും അത് കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും വർധിച്ചു. ഇത്തരക്കാരെ വളരെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസും നൽകുന്നത്. സ്വർണം ലഭിക്കാൻ അവർ ഏത് മാർഗവും സ്വീകരിക്കും. മലപ്പുറത്തെ മോഷണം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എസ്.ഐ.ആർ ഫോറത്തിന്‍റെ വിവരം ശേഖരിക്കാനെന്ന പേരിൽ സ്ത്രീ വേഷത്തിൽ വീട്ടിലെത്തി സ്ത്രീയെ ക്രൂരമായി ആക്രമിച്ചാണ് അയൽവാസി മോഷണം നടത്തിയത്.
കഴിഞ്ഞദിവസം ആലപ്പുഴ ചെന്നിത്തലയിൽ വയോധിക ദമ്പതികളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വടകരയില്‍ ഓട്ടോറിക്ഷയില്‍ സഹയാത്രികയില്‍ നിന്ന് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പിടിയിലായ സംഭവവുമുണ്ടായി.
ഒറ്റപ്പാലത്ത് വീടിന്‍റെ വാതിൽ ചവിട്ടിപൊളിച്ചാണ് വയോധികയുടെ സ്വർണമാല കവർന്നത്. ആലപ്പുഴയില്‍ അമ്മയുടെ ആഭരണങ്ങള്‍ കവർന്നെടുക്കാൻ മകനെ പ്രേരിപ്പിച്ച വിരുതന്‍ വലയിലായ സംഭവവുമുണ്ടായി.
സ്വർണവില ലക്ഷത്തിന് മുകളിൽ തുടർന്നാൽ മോഷണവും പിടിച്ചുപറിയും ഇനിയും വർധിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഉൽസവങ്ങളുടെയും പള്ളിപ്പെരുന്നാളുകളുടേയും സീസൺ കൂടി വരുന്നതിനാൽ സ്വർണാഭരണങ്ങൾ ധരിക്കുന്നവർ വളരെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.