മുഖ്യമന്ത്രി: കൂടുതൽ പിന്തുണ വി.ഡി സതീശനെന്നാണ് എനിക്ക് തോന്നുന്നത് -പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനാണ് കൂടുതൽ ആളുകളുടെ പിന്തുണ​യെന്നാണ് തനിക്ക് തോന്നുന്നതെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എക്സിറ്റ് പോളിൽ വി.ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അതെ, അത് അങ്ങനെ തന്നെയാണല്ലോ. ആളുകൾ ആ രീതിയിൽ വിധി എഴുതുന്നു. ആളുകളുടെ അഭിപ്രായം അതാണ് എന്നാണ് തനിക്ക് തോന്നുന്നത്. ആളുകൾ ആ രീതിയിൽ വിധി എഴുതിയിട്ടുണ്ടാകും’ -അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോൾ റിപ്പോർട്ടിൽ സത്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘ആ ഒരു ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എല്ലാവരും ഉള്ളത്. ഏതെങ്കിലും ഒരു ഏജൻസിയാണ് പറഞ്ഞിരുന്നതെങ്കിൽ നമ്മൾ അങ്ങനെ വിശ്വസിക്കേണ്ടിയിരുന്നില്ല. പക്ഷേ ഒമ്പതോളം ഏജൻസികൾ ഒരേ രീതിയിൽ തന്നെയാണ് എക്സിറ്റ് പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ സത്യം ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം പിന്നെ കഴിഞ്ഞ കുറെ കാലമായിട്ട് കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അത് വ്യക്തമായി. അതിന്റെ എല്ലാം ഒരു ഫൈനൽ എന്ന നിലക്ക് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും ആളുകൾ അങ്ങനെ തന്നെയാണ് വിധി എഴുതിയിട്ടുള്ളത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് തന്നെ ജയിക്കും എന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നതാണ്. ജില്ലാ മുസ്‍ലിം ലീഗ് കമ്മിറ്റിയും ഞങ്ങളുടെ ചില ഏജൻസികളും ഒക്കെ ആ രീതിയിലുള്ള റിപ്പോർട്ട് തന്നിട്ടുണ്ട്. യുഡിഎഫ് തുടക്കം മുതൽ തന്നെ പറഞ്ഞിരുന്നത് കേവല ഭൂരിപക്ഷത്തിനൊക്കെ അപ്പുറത്ത് നല്ല ഭൂരിപക്ഷം ഉണ്ടാകും എന്നാണ്. പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ആ നിലക്കുള്ള പ്രതീക്ഷ ഇപ്പോഴും ഉണ്ട്. ആ ഒരു പ്രതീക്ഷയിലേക്ക് എക്സിറ്റ് പോൾ വന്നിട്ടില്ല എന്നത് ശരിയാണ്. ഇതിലും കൂടുതൽ വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ് എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നാലാം തീയതിയിലെ യഥാർത്ഥ ഫലം വരുമ്പോൾ അത് വ്യക്തമാകും എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.

യുഡിഎഫ് ജനവികാരത്തിനനുസരിച്ച് തീരുമാനമെടുക്കും. എപ്പോഴും അങ്ങനെ തന്നെയാണ് തീരുമാനം എടുത്തിട്ടുള്ളത്. ഭാവിയിൽ ഭരണകാര്യത്തിലും മന്ത്രിസഭ ഉണ്ടാക്കുന്ന കാര്യത്തിലും ജനവികാരത്തിന് അനുകൂലമായിട്ട് തന്നെ ആയിരിക്കും തീരുമാനങ്ങൾ ഉണ്ടാവുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. അവർ ജനവികാരത്തെ മാനിച്ചുകൊണ്ട് തന്നെയായിരിക്കും തീരുമാനങ്ങൾ എടുക്കുക’ -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - VD Satheesan more support Chief Minister post- Panakkad Sadiqali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.