ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ എണ്ണക്കടി വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധന
കോർപറേഷൻ പരിധിയിൽ ഉപയോഗശൂന്യമായ 238 ലിറ്റർ ഓയിൽ നശിപ്പിച്ചു
കോഴിക്കോട്: മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി, ടി.പി. സി മീറ്റർ എന്നിവ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ പിടികൂടി നശിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി വെകുന്നേരം നാല് മുതൽ എട്ട് വരെ എഴു സ്ക്വാഡുകളായി തിരിഞ്ഞാണ് കോർപറേഷൻ പരിധിയിലെ 201 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ 66 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി.
ഹോട്ടലുകൾ തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച എണ്ണയുടെ 23 സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു.
തട്ടുകടകളിലും ഹോട്ടലുകളിലും പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി എണ്ണയുടെ നിലവാരം സംബന്ധിച്ച് പരിശോധന നടത്തിയത്. ഉപയോഗിച്ച എണ്ണയിലെ ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്സ്) അനുവദനീയ പരിധി പരമാവധി 25 ശതമാനം ആണ്.
പരിശോധനയിൽ പല സ്ഥാപനങ്ങളിലും ഇത് 35ശതമാനത്തിലും അധികം കണ്ടെത്തി. പാചകത്തിനുള്ള എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ്നൽകി.
ഉപയോഗിച്ച എണ്ണ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ‘റീ പർപസ് യൂസ്ഡ് കുക്കിങ് ഓയിൽ’ (റൂക്കോ) പദ്ധതി പ്രകാരം അംഗീകൃത എജൻസികൾക്ക് നൽകണം. ഇത് സംബന്ധിച്ച പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷ അസി.കമീഷണർ ബിബി മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.