കുറ്റ്യാടി ഗവ. ആശുപത്രിയിൽ ഒ.പിക്കുശേഷം ഡോക്ടർമാർ കുറവ്
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളത്തെ സി.പി.എം പ്രദേശിക നേതാവ് പി.പി.ബാബുവിന്റെ മരണത്തിന് കാരണം, അദ്ദേഹം ഗുരുതാവസ്ഥയിലായപ്പോൾ പരിചരിക്കാൻ ഡോക്ടർമാർ എത്താത്തതു കൊണ്ടായിരുന്നെന്ന് ആരോപിച്ച് ബുധനാഴ്ച ഡി.വൈ.എഫ്.ഐ ആശുപത്രി മാർച്ച് നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ന് പനിയുമായി എത്തിയ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയാണുണ്ടായത്. ഹൃദയ സംബന്ധമായ അസുഖം കൂടിയുള്ള ആളായിരുന്നു. സന്ധ്യയോടെ ഇദ്ദേഹത്തിന്റെ സ്ഥിതി വഷളായി. കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഏക ഡോക്ടർ അവിടുത്തെ തിരക്കു കാരണമെത്താൻ വൈകി. അവസ്ഥ അതീവ ഗുരുതമായപ്പോൾ ഡ്യൂട്ടി ഡോക്ടർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഷ്വാലിറ്റിയിൽ വരുന്ന അനേകം രോഗികളെയും വാർഡിൽ പ്രവേശിപ്പിച്ച രോഗികളെയും നോക്കാൻ ഒരു ഡോക്ടർമാത്രമാണുണ്ടായിരുന്നതെന്നും പറഞ്ഞു. ആശുപത്രിയിൽ പലപ്പോഴും കാഷ്വാലിറ്റിയിൽ ഒരു കോക്ടറേ ഉണ്ടാവൂ.
അത്യാഹിത കേസുകൾക്ക് പുറമെ ഒ.പിയിൽ കാണിക്കേണ്ട സാധാരണ അസുഖങ്ങളുമായും ആളകുൾ കാഷ്വാലിറ്റിയിൽ എത്തുന്നത് തിരക്കു കൂടാൻ കാരണമാകുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മരണം: അനാസ്ഥ മൂലമല്ലെന്ന്
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.പി.ബാബു എന്ന രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ശരിയല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സ്വപ്ന പറഞ്ഞു. പനിയുമായി എത്തിയ ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖം ഉളള ആളാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ.സി.ജി എടുത്തിരുന്നു. അതിൽ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല. തുടർന്ന് ഇദ്ദേഹത്തെ രണ്ടു തവണ ഡോക്ടർ സന്ദർച്ചിരുന്നു. എന്നാൽ പെട്ടെന്ന് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇതാണ് അറിഞ്ഞതെന്നും ഡി.വൈ.എഫ്.യുടെ പ്രതിഷേധ പരിപാടി നടന്ന സ്ഥിതിക്ക് കൂടുതൽ അന്വേഷണം നടത്തമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.