അക്രമത്തിന് പിന്നിൽ എസ്എഫ്ഐയിൽ നുഴഞ്ഞുകയറിയ എസ്ഡിപിഐക്കാരെന്ന പ്രചാരണം വ്യാജം, നിയമനടപടി സ്വീകരിക്കുമെന്ന് പി. ജയരാജൻ
കണ്ണൂർ: തിരുവനന്തപുരം യൂനിവേഴ്സിറ്റി കാമ്പസിലെ സംഘർഷത്തിന് പിന്നിൽ എസ്.എഫ്.ഐയിൽ നുഴഞ്ഞുകയറിയ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളാണെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഞാൻ പറഞ്ഞത് എന്ന പേരിൽ ഒരു വ്യാജ പോസ്റ്റർ രാഷ്ട്രീയ എതിരാളികൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു. വ്യാജ പ്രചാരങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി-കോൺഗ്രസ് തലത്തിലുള്ള ഏറ്റുമുട്ടലിൽ ബുധനാഴ്ച അപ്രതീക്ഷിതമായി സി.പി.എം കൂടി രംഗത്തുവരികയായിരുന്നു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്.ഐ.ആറിൽ പൊതുജന രോഷം നേരിടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നയാളെന്ന നിലയിലായിരുന്നു അമിത് ഷാക്കെതിരായ പ്രതിഷേധം. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയാൻ യുവമോർച്ച രംഗത്തുവന്നു. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്ക് കരിങ്കൊടി കാണിച്ചും തടഞ്ഞും പ്രതിഷേധം കടുപ്പിച്ച ബി.ജെ.പി- യുവമോർച്ചക്കാർ തലസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾ അക്രമിക്കുകയും ചെയ്തു.
മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ് മന്ത്രിയെ നടുറോഡിൽ ഇറക്കിവിടുന്ന അസാധാരണ സാഹചര്യം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്തുണ്ടായി. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിനെ നെയ്യാറ്റിൻകരയിൽ തടഞ്ഞായിരുന്നു കോൺഗ്രസ് പ്രതികരണം. ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനുനേരെ കുപ്പിയേറ് നടന്നതായും പരാതി ഉയർന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി തലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ എസ്.എഫ്.ഐ-യൂത്ത്കോൺഗ്രസ് ഏറ്റുമുട്ടൽ അരങ്ങേറിയത്. സംഭവത്തിൽ യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് കയറി എസ്.എഫ്.ഐക്കാരെ തല്ലിയത് ആയുധമാക്കി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തിറങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ മന്ത്രി ഒ.ജെ ജനീഷിന്‍റെ കാറിനുനേരെ കണ്ണൂരിൽ പലയിടത്തും സി.പി.എം -ഡി.വൈ.എഫ്.ഐ അക്രമവും അരങ്ങേറി.
മന്ത്രിയെ സംരക്ഷിക്കാനും സമരങ്ങൾ പ്രതിരോധിക്കാനും കോൺഗ്രസ് പ്രവർത്തകരും സംഘടിക്കുന്ന സാഹചര്യമുണ്ടായി. തലസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ടും സെക്രട്ടറിയേറ്റിലേക്ക് സി.പി.എം പ്രതിഷേധം നടന്നു. കരിങ്കൊടി സമരവും പ്രതിഷേധവും മന്ത്രിമാർക്കെതിരെ മുൻകാലങ്ങളിലൊക്കെ അരങ്ങേറിയിട്ടുണ്ടെങ്കിലും മന്ത്രിമാരുടെ വാഹനങ്ങൾ ആക്രമിക്കുന്നതും വഴിയിൽ ഇറക്കിവിടുന്നതും അസാധാരണ സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.