തിരുവനന്തപുരം: വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോൺഗ്രസിന് ഒരുകാരണവശാലും യു.ഡി.എഫിൽ പ്രവേശനം നൽകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുതിർന്ന നേതാക്കൾ കൂടി ഇടപെട്ട് നിരന്തരമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കാൻ തീരുമാനിച്ചത്. അയാളുമായി നിരന്തരം സംസാരിച്ചിരുന്നു. ഇങ്ങനെ സംസാരിക്കാൻ ഞങ്ങൾ തമ്മിൽ അതിർത്തി തർക്കമോ സ്ഥലക്കച്ചവടമോ വല്ലതും ഉണ്ടോ? -സതീശൻ മാധ്യമങ്ങളോട് ചോദിച്ചു.
‘ഇത് നമുക്കൊരു അനുഭവമാണ്. ഇത്തരം കാര്യങ്ങൾ വരുമ്പോൾ കൂടുതൽ ശ്രദ്ധയോടുകൂടി ഇടപെടണം എന്ന അനുഭവമായി ഈ വിഷയം എടുക്കുന്നു. മുന്നണി പ്രവേശനം സംബന്ധിച്ച് അദ്ദേഹം നിരന്തരം വിളിച്ചിരുന്നു, സംസാരിച്ചിരുന്നു. ഞാൻ കോൾ റെക്കോർഡ് വരെ കാണിച്ചതല്ലേ? ഇങ്ങനെ വിളിക്കാൻ ഞങ്ങൾ തമ്മിൽ അതിർത്തി തർക്കമോ സ്ഥലക്കച്ചവടമോ വല്ലതും ഉണ്ടോ? എന്നോട് സംസാരിക്കാനും കന്റോൺമെന്റ് ഹൗസിൽ വന്ന് എന്നെ കാണാനും രമേശ് ചെന്നിത്തലയുടെ വീട്ടിൽ പോയി കാണാനും ഒക്കെ മുന്നണി പ്രവേശനമല്ലാതെ വേറെ എന്ത് കാര്യമാണുള്ളത്? മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനാപ്പമാണ് അദ്ദേഹം ഈ കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്. മിനിഞ്ഞാന്നും ഇന്നലെ രാവിലെയുമായി ഇക്കാര്യം ചർച്ച ചെയ്തതാണ്. അത് വിട്ടേക്ക്, ഞങ്ങൾ ആ വാതിലടച്ചു’ -പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിലേക്കെടുത്തതെന്ന് ഇന്നലെ തന്നെ സതീശൻ വ്യക്തമാക്കിയിരുന്നു. ‘യു.ഡി.എഫില്‍ അദ്ദേഹത്തിന്‍റെ കാര്യം ചര്‍ച്ചക്ക് വെച്ചിരുന്നു. എതിര്‍പ്പില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. തുടർന്ന് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത് .യു.ഡി.എഫിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ രേഖാമൂലം കത്ത് നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വിളിച്ചപ്പോൾ യു.ഡി.എഫില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ല. യു.ഡി.എഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗമാകാൻ താത്പര്യമില്ലെങ്കിൽ വേണ്ട. അവർക്ക് വരാനും വരാതിരിക്കാനും അവകാശമുണ്ട്. എന്തായാലും തീരുമാനത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
എൻ.ഡി.എ ഘടകകക്ഷിയായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെ യു.ഡി.എഫ് അസോസിയേറ്റ് അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരൻ വാർത്താസമ്മേളനം നടത്തി യു.ഡി.എഫിലേക്ക് ഇല്ലെന്ന് അറിയിച്ചത്.
‘യു.ഡി.എഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. നൽകിയെന്ന് പറയുന്ന തന്റെ അപേക്ഷ പുറത്തുവിടാൻ യു.ഡി.എഫ് നേതാക്കൾ തയാറാകണം. എൻ.ഡി.എയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാൻ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരിഗണന നൽകുന്നുണ്ട്. താൻ ഇപ്പോഴും ഒരു സ്വയം സേവകനാണ്. എൻ.ഡി.എ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ല’ -വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
‘എൻ.ഡി.എ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഉൾക്കൊളളാൻ കഴിയാത്തതാണ്. 300ഓളം സീറ്റുകൾ ബി.ഡി.ജെ.എസിന് കൊടുത്തതിൽ അവർ വിജയിച്ചില്ല. ഞങ്ങൾക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികൾക്ക് വോട്ടിടാനുള്ള വൈമനസ്യം ബി.ജെ.പിക്കുണ്ട്. ആ സമീപനം ബി.ജെ.പി തിരുത്തണം’ -വിഷ്ണുപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.