ചൂടുകാലത്ത് ടി.പി വധക്കേസിലെ പ്രതികളുടെ ജയിൽ മുറി മുഖ്യമന്ത്രി എ.സിയാക്കി കൊടുക്കണം; വി.ഡി. സതീശൻ

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ മോഷണക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. ഹാരിസിനെ ബലിയാടാക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. നവീന്‍ ബാബുവിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതു പോലെയാണ് ആരോഗ്യമന്ത്രി ഡോ. ഹാരിസിനോട് പെരുമാറുന്നത്. ഹാരിസിനെ കുറ്റക്കാരനാക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്‍മാറണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ടി.പി. വധക്കേസിലെ ക്രിമിനലുകള്‍ക്ക് പൊലീസ് നല്‍കുന്ന പരിഗണനയിലൂടെ ഈ സര്‍ക്കാറിന്റെ മുന്‍ഗണനയില്‍ ആരൊക്കെയാണ് ഉള്ളതെന്നു വ്യക്തമായി. ആശ വര്‍ക്കാര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമ്പോള്‍ അവരോട് പുച്ഛത്തോടെ പെരുമാറുകയും അപമാനിക്കുകയുമാണ് മന്ത്രിമാര്‍ ചെയ്തത്. എന്നാല്‍ 51 വെട്ട് വെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടു വരുന്നതിനിടെ മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും നല്‍കിയ പൊലീസാണ് കേരളം ഭരിക്കുന്നത്. ജയിലിലും ഇതു തന്നെയാണ് അവസ്ഥ. ജയിലില്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളാണ്. ചോദിക്കുന്ന ഭക്ഷണവും ഏറ്റവും പുതിയ ഫോണുമാണ് നല്‍കിയിരിക്കുന്നത്. ചൂടുകാലം വരുന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് ജയില്‍ മുറി എയര്‍ കണ്ടീഷനാക്കി കൊടുക്കണം. അതുമാത്രമാണ് സര്‍ക്കാര്‍ ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ചെയ്തു കൊടുക്കാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ടി.പി കൊലക്കേസ് ഗൂഢാലോചനയില്‍ പങ്കെടുത്ത നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ഈ പ്രതികള്‍ സി.പി.എം നേതാക്കളെ ഭയപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ചോദിക്കുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നത്. ഈ പ്രതികള്‍ ജയിലില്‍ ഇരുന്നു കൊണ്ടാണ് ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതും ലഹരിക്കടത്ത് നടത്തുന്നതും. കേരളത്തെ അപമാനിക്കുക എന്നതു മാത്രമാണ് പിണറായി സര്‍ക്കാറിന്റെ മുഖമുദ്ര. മറ്റുള്ള എല്ലാവരോടും സര്‍ക്കാറിന് അവഗണനയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. സ്ത്രീകള്‍ക്കും പട്ടികജാതി പട്ടിക വര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും സിനിമ ഉള്‍പ്പെടെയുള്ള കലാപരമായ കാര്യങ്ങള്‍ നന്നായി ചെയ്യുന്നവരാണ്. എത്രയോ മനോഹരമായ സിനിമകളാണ് സ്ത്രീകളും പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എടുത്തുള്ളത്. പുരുഷ മേധാവിത്വ, സവര്‍ണമനോഭാവ സമൂഹത്തില്‍ ഉപയോഗിക്കുന്നതു പോലുള്ള വാക്കുകള്‍ അടൂര്‍ ഗോപാലകൃഷ്ണനെ പോലെ ഒരാള്‍ പറയരുതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - VD Satheesan against kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.