ഡോ. മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വി.സി ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത് സിൻഡിക്കേറ്റിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്. സർവകലാശാല ചട്ടപ്രകാരം (സ്റ്റാറ്റ്യൂട്ട്) ഡെപ്യൂട്ടി രജിസ്ട്രാറിൽ താഴെയുള്ള ഉദ്യോഗസ്ഥനെതിരെ വരെയാണ് വി.സിക്ക് നടപടിയെടുക്കാൻ കഴിയുക. സർവകലാശാല നിയമം 10(13) പ്രകാരം വി.സിക്കുള്ള സവിശേഷ അധികാരമാണ് ഉന്നത പദവിയിലിക്കുന്ന രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി.സി പ്രയോഗിച്ചത്.
സിൻഡിക്കേറ്റോ അക്കാദമിക് കൗൺസിലോ ചേരാത്ത സമയത്ത് അടിയന്തര നടപടിയെടുക്കണമെന്ന് ബോധ്യപ്പെടുന്ന സന്ദർഭത്തിൽ വി.സിക്ക് സിൻഡിക്കേറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും അധികാരമുപയോഗിക്കാൻ അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. നടപടി തൊട്ടടുത്ത സിൻഡിക്കേറ്റ്/ അക്കാദമിക് കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. സർവകലാശാല നിയമപ്രകാരം രജിസ്ട്രാറുടെ നിയമനാധികാരിയും അച്ചടക്കാധികാരിയും സർവകലാശാല സിൻഡിക്കേറ്റാണ്. എന്നാൽ, ‘അടിയന്തര സാഹചര്യം’ എന്ന പഴുതിൽ സിൻഡിക്കേറ്റിന്റെ അധികാരമുപയോഗിച്ചാണ് വി.സിയുടെ നടപടി. അടിയന്തര സാഹചര്യം വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വി.സിയുടെ നടപടി കോടതിക്കു മുന്നിൽ നിലനിൽക്കുമോ എന്നതും സംശയകരമാണ്.
വി.സിയുടെ നടപടി തൊട്ടടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയും വേണം. സിൻഡിക്കേറ്റിന് വേണമെങ്കിൽ ഈ നടപടി റദ്ദാക്കാനും സാധിക്കും. സർക്കാർ നോമിനികളെ തള്ളി ബി.ജെ.പി താൽപര്യത്തിൽ ആരോഗ്യ സർവകലാശാലയിൽ വി.സിയായി നിയമനം ലഭിച്ചയാളാണ് ഡോ. മോഹനൻ കുന്നുമ്മൽ. അദ്ദേഹത്തിന് അഞ്ചുവർഷം കൂടി കാലാവധി നീട്ടി നൽകി കേരള വി.സിയുടെ അധിക ചുമതല കൂടി മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയതും ബി.ജെ.പി താൽപര്യത്തിലാണ്. രാജ്ഭവനും ബി.ജെ.പി താൽപര്യത്തിനുമൊപ്പിച്ചുള്ള വി.സിയുടെ നടപടിക്കെതിരെ ഒട്ടേറെ തവണ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ പോർവിളിയും ബഹളവും നടന്നിരുന്നു.
ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന പേരിലുള്ള സ്ത്രീയുടെ ചിത്രം മതചിഹ്നമല്ലെന്ന ഗവർണറുടെ വാദം തന്നെയാണ് വി.സിയും ആവർത്തിക്കുന്നത്. ഇതിന്റെ ബലത്തിലാണ് രാജ്ഭവന്റെ പിന്തുണയിൽ രജിസ്ട്രാർക്കെതിരെ വി.സി നടപടിയിലേക്ക് നീങ്ങിയത്. സെനറ്റ് ഹാൾ പരിപാടിക്കായി അനുവദിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതും വി.സിയാണ്.
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചതും പൊലീസ് ജലപീരങ്കി പ്രയോഗിച്ചതും. വി.സിയുടെ നടപടിക്ക് പിന്നിൽ ഗവർണറാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇരു സംഘടനകളുടെയും ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. നൂറോളം പ്രവർത്തകർ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ രൂക്ഷ മുദ്രാവാക്യമുയർത്തി പ്രകടനമായെത്തുകയായിരുന്നു. രാജ്ഭവൻ ഗേറ്റിൽനിന്ന് നൂറുമീറ്റർ വിട്ടുമാറി റോഡിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ നോക്കിയതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിൻവാങ്ങാതെ വന്നതോടെ, പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ, പ്രവർത്തകരിൽ ഒരുവിഭാഗം ബാരിക്കേഡ് മറിച്ചിട്ടു. തുടർന്ന് ഏറെ നേരം പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുമുണ്ടായി. ഏറെ വൈകിയും പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് സർവകലാശാല പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. വ്യാജമായ ആരോപണത്തെ മുൻനിർത്തിയാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ആർ.എസ്.എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട വി.സി ഡോ. മോഹൻ കുന്നുമ്മൽ സർവകലാശാലയിലെ താൽക്കാലിക വി.സിയാണ്. താൽക്കാലിക വി.സി തന്റെ അധികാരപരിധിക്ക് പുറത്തുപോയി. വിദ്യാഭ്യാസ മേഖലയിലെ കലുഷിതമാക്കാനാണ് ചാൻസലർ നോക്കുന്നതെങ്കിൽ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യും. വിഷയത്തിൽ വിശദമായി ആലോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടും. -മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഗവർണറോട് അനാദരവ് കാട്ടുകയും ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങി ഏകപക്ഷീയമായി തീരുമാനങ്ങൾ കൈകൊള്ളുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് വി.സി അറിയിച്ചു. സർവകലാശാലയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനാലാണ് നിയമപ്രകാരം അടിയന്തര നടപടി സ്വീകരിച്ചത്. അത് നിയമപ്രകാരം അടുത്ത സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യും. സിൻഡിക്കേറ്റിനെ തന്നെ വിശദമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്നും വി.സി അറിയിച്ചു.
തിരുവനന്തപുരം: സെനറ്റ് ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ സംഭവത്തിൽ നിയമപരമായാണ് 100 ശതമാനവും പ്രവർത്തിച്ചതെന്ന് രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ. നിയമവിരുദ്ധമായ സസ്പെൻഷൻ നടപടിയെ നിയമപരമായി നേരിടും. രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റായതിനാൽ അച്ചടക്ക നടപടിക്കുള്ള അധികാരവും സിൻഡിക്കേറ്റിനാണ്. തന്റെ ഭാഗത്താണ് പൂർണമായും ന്യായമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.