തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ നിയമനനടപടികൾ പ്രതിസന്ധിയിൽ. വി.സിമാരെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ അക്കാദമിക് വിദഗ്ധർ വേണമെന്ന യു.ജി.സി നിബന്ധന പാലിക്കുന്നത് സംബന്ധിച്ചാണ് പ്രതിസന്ധി ഉയർന്നത്. നിബന്ധന പാലിക്കണമെന്ന് ചാൻസലറായ ഗവർണർ നിലപാടെടുത്തപ്പോൾ സർവകലാശാലകൾ ഇത് അംഗീകരിക്കാത്തതാണ് പ്രശ്നം. ഇതോടെ കണ്ണൂർ, കാലടി സർവകലാശാലകളിലെ വി.സി നിയമനവും കുസാറ്റ്, എം.ജി സർവകലാശാലകളിലെ പി.വി.സി നിയമനനടപടികളും വൈകുകയാണ്. വി.സി പദവി ഒഴിഞ്ഞുകിടക്കുന്ന സർവകലാശാലകളിൽ ഇതര സർവകലാശാല വി.സിമാർക്ക് ചുമതല നൽകിയിട്ട് മാസങ്ങളായി.
വി.സിയെ കണ്ടെത്താനുള്ള സമിതിയിൽ ചാൻസലറും യു.ജി.സി, സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധികളുമാണുള്ളത്. എന്നാൽ അക്കാദമിക് വിദഗ്ദരാണ് സമിതിയിൽ വേണ്ടതെന്നാണ് യു.ജി.സി മാർഗരേഖ. സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്ന നിലയിൽ സി.പി.എം നേതാവ് എം. പ്രകാശനെ ആണ് കണ്ണൂർ വി.സിയെ നിയമിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ടി.വി. രാജേഷ് എം.എൽ.എയെയാണ് സമതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ സിൻഡിക്കേറ്റ് പ്രതിനിധിയായി സിൻഡിക്കേറ്റംഗം വേണെമന്നില്ലെന്നും അക്കാദമിക് വിദഗ്ധനെ സിൻഡിക്കേറ്റ് പ്രതിനിധിയാക്കാമെന്നുമാണ് ഗവർണറുടെ നിലപാട്.
യു.ജി.സി നിബന്ധനപ്രകാരം പ്രഫസർ പദവിയിലോ അതിന് തുല്യമായ പദവിയിലോ പത്ത് വർഷത്തിൽ കുറയാത്ത സർവിസുള്ളവരെയാണ് വി.സി പദവിയിലേക്ക് പരിഗണിക്കേണ്ടത്. സംസ്ഥാനത്തെ കോളജുകളിൽ അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പ്രഫസർ നിബന്ധന പാടില്ലെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഫലത്തിൽ സർവകലാശാലകളിലെ പ്രഫസർമാർ മാത്രം വി.സി നിയമനത്തിന് പരിഗണിക്കപ്പെടുന്ന അവസ്ഥ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.